ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ക്രിക്കറ്റര്‍ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറാണെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫ്. കോഹ്‍ലി സമാനതകളില്ലാത്ത താരമാണെങ്കിലും സച്ചിന്‍ നേരിട്ട എതിരാളികള്‍ അതിശക്തരായിരുന്നുവെന്ന് മറക്കരുത്. ലോക നിലവാരത്തിലുള്ള താരമാണ് സച്ചിനെന്നും യൂസഫ് പറഞ്ഞു.
അന്നത്തെയും ഇന്നത്തെയും കാലഘട്ടം വെച്ചു നോക്കുമ്പോള്‍ സച്ചിന്‍ അന്ന് നേരിട്ടത് ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച ടീമുകൾക്കും എതിരാളികൾക്കുമെതിരെയാണ്. വന്‍ താരങ്ങള്‍ അണിനിരന്ന ടീമുകൾക്കും മികച്ച പേസ് ബോളർമാർക്കും സ്‌പിന്നർമാര്‍ക്കും എതിരെയായിരുന്നു സച്ചിൻ ഇന്നിഗ്‌സ് കെട്ടിപ്പൊക്കിയതെന്നും പാക് താരം വ്യക്തമാക്കി.
സച്ചിന്‍ നേടിയ റണ്‍സുകളും സെഞ്ചുറികളും എല്ലാത്തിനും തെളിവാണ്. 1990കള്‍ മുതൽ 2011 വരെയുള്ള കാലഘട്ടം പരിശോധിക്കുമ്പോൾ കളിയുടെയും കളിക്കാരുടെയും നിലവാരം മോശമായി. 2011 ലോകകപ്പിനുശേഷമാണ് ഇത് കൂടുതലായും ദൃശ്യമായത്. സച്ചിന്‍ നേരിട്ട അതിശക്തരായ ടീമുകളെയും ബോളര്‍മാരെയും കോഹ്‌ലിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു.