ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നട്ടെല്ലായ എബി ഡിവില്ലിയേഴ്‌സ് കൊളുത്തിവിട്ട വിവാദം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ കത്തുന്നു. ടെസ്‌റ്റില്‍ കളിക്കുന്നതിനെ ചൊല്ലി എബി നടത്തിയ പ്രസ്‌താവനയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ ചൊടുപ്പിച്ചത്.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഡിവില്ലിയേഴ്‌സ് പരസ്യമായി പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. എബിയെ ടീമിലെടുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കന്‍ ചീഫ് ഹാറൂണ്‍ ലോര്‍ഗറ്റ് തിരിച്ചടിക്കുകയും ചെയ്‌തു.
പിന്നാലെ നിലപാട് വ്യക്തമാക്കി ഡിവില്ലിയേഴ്‌സ് രംഗത്തെത്തി. 2019ലെ ഏകദിന ലോകകപ്പ് ലക്ഷ്യം വച്ചാണ് താന്‍ മുന്നോട്ട് പോകുന്നത്. തിരക്കു പിടിച്ച ഷെഡ്യൂളുകള്‍ അതിന് തിരിച്ചടിയാണ്. എന്നാല്‍ ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ കളിക്കാന്‍ ഒരുക്കമല്ല എന്നാണ് താന്‍ പറഞ്ഞതെന്നും എബി ഡി വ്യക്തമാക്കി.
അദ്ദേഹത്തെ ടീമിലെടുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഹാറൂണ്‍ ലോര്‍ഗറ്റ് പറഞ്ഞത്. കളിക്കളത്തിലേക്ക് തിരിച്ചുവന്നാല്‍ എല്ലാം കളിക്കണം. ഏകദിന ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. അതുകൊണ്ട് ഏകദിനത്തില്‍ വിശ്രമം കൊടുക്കാന്‍ എന്തായാലും പറ്റില്ല, എന്നാല്‍ ടെസ്‌റ്റ് വ്യത്യസ്തമാണ് അദ്ദേഹം ആ ടീമിന്റെ ക്യാപ്റ്റനല്ല, അതിനാല്‍ ഇക്കാര്യം ഞങ്ങള്‍ തീരുമാനിക്കുമെന്നും ലോര്‍ഗറ്റ് പറഞ്ഞു.