ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്താനുള്ള യോ യോ ടെസ്‌റ്റില്‍ വിവാദം പുകയുന്നു. പരിക്കുള്ളവര്‍ ടീമില്‍ എത്തിയതും ആഭ്യന്തര തലത്തിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയവര്‍ ടെസ്‌റ്റില്‍ പരാജയപ്പെട്ടതും സംശയങ്ങള്‍ക്ക് വഴു മരുന്നിട്ടതിനു പിന്നാലെ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്.
ടീം ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന്റെ മാനദണ്ഡമായ യോയോ ടെസ്‌റ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സച്ചിന്‍ വ്യക്തമാക്കി. ഞാന്‍ ഒരിക്കലും ഈ ടെസ്‌റ്റിന്റെ ഭാഗമായിട്ടില്ല. തന്റെ കാലത്ത് ബീപ് ടെസ്റ്റ് ആണുണ്ടായിരുന്നത്. യോയോ ടെസ്‌റ്റുമായി സാമ്യമുള്ളതായിരുന്നു ഇതെന്നും സച്ചിന്‍ പറഞ്ഞു.
ടീമില്‍ എത്തുന്നതിന് ഈ ടെസ്‌റ്റ് മാത്രമായിരുന്നില്ല പ്രധാനം. കളിക്കാരന്റെ കഴിവും പ്രകടവുമായിരുന്നു പ്രധാനമായി കണക്കാക്കേണ്ടിയിരുന്നതെന്നും സച്ചിന്‍ വ്യക്തമാക്കി.
ബിസിസിഐയിലും യോ യോ ടെസ്‌റ്റ് വിഷയത്തില്‍ പൊട്ടിത്തെറി നടന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംസിനെ കിരീട നേട്ടത്തിലെത്തിച്ച അമ്പാട്ടി റായിഡു ഈ ടെസ്‌റ്റില്‍ പരാജയപ്പെട്ടത് എങ്ങനെയാണെന്നും, അതേസമയം മാസങ്ങളായി പരിക്കിന്റെ പിടിയിലായിട്ടുള്ള ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുമ്രയും എങ്ങനെയാണ് യോ യോ കടമ്പ മറികടന്നതെന്നുമാണ് ഒരു വിഭാഗം ബിസിസിഐ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന ചോദ്യം.
ജോഹ്‌നാസ് ബര്‍ഗ് ടെസ്‌റ്റില്‍ പരാജയപ്പെട്ട മുഹമ്മദ് ഷമി യോ യോ ടെസ്‌റ്റില്‍ പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ജനുവരിക്കു ശേഷം ഒരു മത്സരം പോലും കളിക്കാത്ത അദ്ദേഹം ഒരു സുപ്രഭാതത്തില്‍ യോ യോ ടെസ്‌റ്റില്‍ എങ്ങനെ വിജയിച്ചുവെന്നും ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് സ്‌ക്വാഡില്‍ എങ്ങനെ ഉള്‍പ്പെട്ടുവെന്നും ചോദ്യം ഉയരുന്നുണ്ട്.
ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ മാനദണ്ഡമായ യോ യോ എങ്ങനെയാണ് വിശ്വാസ യോഗ്യമാകുന്നതെന്നും ചില ബിസിസിഐ അംഗങ്ങള്‍ ചോദിക്കുന്നു. ഇതോടെ
ടീമിന്റെ ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടും ട്രെയിനര്‍ ശങ്കര്‍ ബസുവിലേക്കുമാണ് സംശയങ്ങള്‍ നീളുന്നത്.
മലയാളി താരം സഞ്ജു വി സാംസണ്‍ ആഭ്യന്തര തലത്തിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത് യോ യോ കടമ്പയുടെ പേരിലായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ കരുതിക്കൂട്ടി ഒഴിവാക്കിയതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.