സഞ്ജുവിനെ കരുതിക്കൂട്ടി ഒഴിവാക്കിയതോ ?; ‘യോ യോ’യില്‍ വന്‍ ചതികളെന്ന് ആരോപണം

Webdunia
ശനി, 21 ജൂലൈ 2018 (15:51 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്താനുള്ള യോ യോ ടെസ്‌റ്റില്‍ വിവാദം പുകയുന്നു. പരിക്കുള്ളവര്‍ ദേശീയ ടീമില്‍ എത്തിയതും ആഭ്യന്തര തലത്തിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയവര്‍ ടെസ്‌റ്റില്‍ പരാജയപ്പെട്ടതുമാണ് സംശയങ്ങള്‍ക്ക് വഴു മരുന്നിട്ടത്.

ബിസിസിഐയില്‍ തന്നെയാണ് യോ യോ ടെസ്‌റ്റ് വിഷയത്തില്‍ പൊട്ടിത്തെറി നടന്നത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിം‌സിനെ കിരീട നേട്ടത്തിലെത്തിച്ച അമ്പാട്ടി റായിഡു ടെസ്‌റ്റില്‍ പരാജയപ്പെട്ടത് എങ്ങനെയാണെന്നും, അതേസമയം മാസങ്ങളായി പരിക്കിന്റെ പിടിയിലായിട്ടുള്ള ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുമ്രയും എങ്ങനെയാണ് യോ യോ കടമ്പ മറികടന്നതെന്നുമാണ് ഒരു വിഭാഗം ബിസിസിഐ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന ചോദ്യം.

ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ മാനദണ്ഡമായ യോ യോ എങ്ങനെയാണ് വിശ്വാസ യോഗ്യമാകുന്നതെന്നും ചില ബിസിസിഐ അംഗങ്ങള്‍ ചോദിക്കുന്നു. ഇതോടെ
ടീമിന്റെ ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടും ട്രെയിനര്‍ ശങ്കര്‍ ബസുവിലേക്കുമാണ് സംശയങ്ങള്‍ നീളുന്നത്.

മലയാളി താരം സഞ്ജു വി സാംസണ്‍ ആഭ്യന്തര തലത്തിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത് യോ യോ കടമ്പയുടെ പേരിലായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ കരുതിക്കൂട്ടി ഒഴിവാക്കിയതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article