ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ്‌ക്ക് തോല്‍വി. 539 എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 361 റൺസിന് പുറത്തായതോടെ മഞ്ഞപ്പടയ്‌ക്ക് 177 റൺസിന്റെ തോൽവി സംഭവിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ പേസർ കംഗീസോ റബാഡയാണ് ഓസീസിനെ തകർത്തത്.
സ്കോർ: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 242, രണ്ടാം ഇന്നിംഗ്സ് 540/8 ഡിക്ലേർഡ്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 244, 361.
കംഗീസോ റബാഡയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഓസീസ് താരങ്ങള്‍ക്കായില്ല. ഉസ്മാൻ കവാജ (97), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പീറ്റൻ നെവിൽ (60*) എന്നിവർ മാത്രമാണ് ഓസ്‌ട്രേലിയ്‌ക്കായി പൊരുതിയത്.
ഓസ്‌ട്രേലിയയുടെ പ്രതീക്ഷയായ ഡേവിഡ് വാർണർ 35 റൺസിനും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 34 റൺസിനും പുറത്തായതോടെ കളി ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാകുകയായിരുന്നു. ഓസീസ് പേസ് ബൗളിംഗ് പറുദീസയായ പെർത്തിൽ തോൽവി ഏറ്റുവാങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 540 റണ്‍സ് എടുത്ത് ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
തകര്‍പ്പന്‍ സെഞ്ച്വറിയുമായി എല്‍ഗറും ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കക്കായി കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 316 പന്തില്‍ 17 ഫോറും ഒരു സിക്‌സും സഹിതം എല്‍ഗര്‍ 127റണ്‍സ് നേടിയപ്പോള്‍ 225 പന്തില്‍ 20 ഫോറും ഒരു സിക്‌സും ഉള്‍പെടെയാണ് ഡുമിനി 141 റണ്‍സ് നേടിയത്. കൂടാതെ 64 റണ്‍സുമായി ഡികോക്കും 73 റണ്‍സുമായി പിലാന്തര്‍ മികച്ച പിന്തുണനല്‍കി. ആദ്യമത്സരം കളിക്കുന്ന മഹാരാജ് 41 റണ്‍സുമായി പുറത്താകാതെ നിന്നു.