പ്രതീക്ഷയോടെ ഐപിഎലിൽ രജിസ്റ്റർ ചെയ്തു, പക്ഷെ പട്ടികയിൽ ശ്രീശാന്തില്ല

വെള്ളി, 12 ഫെബ്രുവരി 2021 (10:51 IST)
മുംബൈ: വിലക്ക് നീങ്ങി ഏഴു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തി എങ്കിലും ശ്രീശാന്തിന് ഐ‌പിഎൽ ഇപ്പോഴും അന്യം. ഏറെ പ്രതീക്ഷകളോടെ സ്വയം അടിസ്ഥാന വില നിശ്ചയിച്ച് ഐ‌പിഎലിൽ രജിസ്റ്റർ ചെയ്തു എങ്കിലും താര ലേലത്തിനായി ബിസിസ്ഐ പുറത്തുവിട്ട അന്തിമ പട്ടികയിൽ ശ്രീശാന്തിന്റെ പേരില്ല. 164 ഇന്ത്യൻ താരങ്ങൾ ഉൾപ്പടെ 292 പേരാണ് പട്ടികയിൽ ഇടംപിടിച്ചിരിയ്ക്കുന്നത്. ഫെബ്രുവരി 18ന് ചെന്നൈയിലാണ് ലേലം നടക്കുക
 
ഐപിഎൽ വാതുവപ്പിന് ശേഷം ആജിവനന്ത വിലക്കാണ് ശ്രീശാന്തിനെതിരെ വിധിയ്ക്കപ്പെട്ടത്. നിയമ പോരാട്ടങ്ങൾക്കൊടുവിൽ വിലക്ക് ഏഴു വർഷമായി ചുരുക്കിയിരുന്നു. വിലക്ക് നീങ്ങിയതിന് പിന്നാലെ ശ്രീശാന്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിക്കുള്ള കേരളാ ടീമിൽ ഇടം നേടിയിരുന്നു. 4 വിക്കറ്റ് വീഴ്ത്തി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. 75 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ഐപിഎൽ ലേലത്തിന് ശ്രീശാന്ത് രജിസ്റ്റർ ചെയ്തത്. എട്ട് ടീമുകൾക്കും താൽപര്യമില്ലാത്തതുകൊണ്ടാവാം ശ്രീശാന്ത് പട്ടികയിൽ ഇടംപിടിയ്ക്കാതെ പോകാൻ കാരണം എന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽനിന്നും ശ്രീശാന്ത് പുറത്തായെങ്കിലും സച്ചിന്‍ ബേബി, മുഹമ്മദ്​അസ്ഹറുദ്ദീന്‍ തുടങ്ങിയവർ പട്ടികയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍