Royal Challengers Bangalore: ഈ ടീം പിരിച്ചുവിടുന്നതാണ് നല്ലത്, ഇത്തവണയും ഗതി പിടിക്കില്ല; ആര്‍സിബിക്കെതിരെ ആരാധകര്‍

Webdunia
ബുധന്‍, 10 മെയ് 2023 (07:47 IST)
Royal Challengers Bangalore: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആരാധകര്‍ രംഗത്ത്. ഈ സീസണിലെ നിര്‍ണായക മത്സരത്തില്‍ ആര്‍സിബി മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ഫ്രാഞ്ചൈസിയുടെ ആരാധകര്‍ തന്നെ രംഗത്തെത്തിയത്. ഒരു സീസണിലും സന്തുലിതമായ ടീമായി കളിക്കാന്‍ സാധിക്കാത്ത ആര്‍സിബി ഐപിഎല്‍ നിര്‍ത്തുന്നതാണ് നല്ലതെന്ന് ആരാധകര്‍ പറയുന്നു. ടീം പിരിച്ചുവിട്ടാല്‍ ഉടമകള്‍ക്ക് അത്രയും ലാഭമുണ്ടാകുമെന്നാണ് ആരാധകരുടെ പരിഹാസം. 
 
ഈ സീസണില്‍ പ്ലേ ഓഫ് പോലും കാണാതെ ആര്‍സിബി പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആര്‍സിബി തോല്‍വി വഴങ്ങിയത്. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 199 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വെറും 16.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ലക്ഷ്യം കണ്ടു. പന്തെറിഞ്ഞ ആര്‍സിബി ബൗളര്‍മാരെല്ലാം മുംബൈ ബാറ്റര്‍മാരുടെ തല്ല് വാങ്ങിക്കൂട്ടി. 200 റണ്‍സ് എടുത്താല്‍ പോലും അത് പ്രതിരോധിക്കാന്‍ കഴിയാത്ത ഏക ഫ്രാഞ്ചൈസിയാണ് ആര്‍സിബിയെന്ന് ആരാധകര്‍ പറയുന്നു. 
 
ഐപിഎല്ലില്‍ ഒരുപാട് ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ആര്‍സിബി. എന്നാല്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല. ട്വന്റി 20 ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റര്‍മാരായ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെല്ലാം കളിച്ച ഫ്രാഞ്ചൈസിയാണ് ആര്‍സിബി. എന്നിട്ടും ഇതുവരെ ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അങ്ങനെയൊരു ടീം ഇനി കളിക്കാതിരിക്കുകയാണ് നല്ലതെന്ന് ആരാധകര്‍ പറയുന്നു. ജയിക്കാന്‍ സാധ്യതയുള്ള കളികള്‍ പോലും ആര്‍സിബി തോല്‍ക്കുകയാണെന്നും ആരാധകര്‍ പരിഹസിക്കുന്നു. ഈ സീസണില്‍ ശേഷിക്കുന്ന കളികള്‍ ജയിച്ചാലും ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനം തുലാസിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article