Royal Challengers Bangalore: നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആര്‍സിബി 19.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിരാട് കോലിയുടെ സെഞ്ചുറിയും ഫാഫ് ഡു പ്ലെസിസിന്റെ അര്‍ധ സെഞ്ചുറിയുമാണ് ബാംഗ്ലൂരിന് അനായാസ വിജയം സമ്മാനിച്ചത്.
കോലി 63 ബോളില്‍ 12 ഫോറും നാല് സിക്‌സും സഹിതം 100 റണ്‍സ് നേടി. ഡു പ്ലെസിസ് 47 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 71 റണ്‍സ് സ്വന്തമാക്കി. ഒന്നാം വിക്കറ്റില്‍ 172 റണ്‍സ് നേടിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇരുവരും പുറത്താകുമ്പോഴേക്കും ബാംഗ്ലൂര്‍ വിജയത്തിനു തൊട്ടരികെ എത്തിയിരുന്നു.
നേരത്തെ ഹെന്‍ റിച്ച് ക്ലാസന്റെ സെഞ്ചുറി കരുത്തിലാണ് ഹൈദരബാദ് 186 റണ്‍സ് നേടിയത്. ക്ലാസന്‍ 51 ബോളില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 104 റണ്‍സ് നേടിയാണ് പുറത്തായത്. ഹാരി ബ്രൂക്ക് 19 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹൈദരബാദിനെതിരായ വിജയത്തോടെ ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. നാലാം സ്ഥാനത്തേക്ക് കുതിച്ച ആര്‍സിബിക്ക് ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാല്‍ പ്ലേ ഓഫില്‍ കയറാം. ഗുജറാത്ത് ടൈറ്റന്‍സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ആര്‍സിബിയുടെ അവസാന മത്സരം.