ടീമിനായി കളിക്കാൻ വിശപ്പുള്ളവർക്ക് ടീമിൽ അവസരം കാണും, ഇഷാനും ശ്രേയസിനും നേരെ ഒളിയമ്പെയ്ത് രോഹിത് ശർമ

അഭിറാം മനോഹർ

ചൊവ്വ, 27 ഫെബ്രുവരി 2024 (13:59 IST)
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്ലിനൊരുങ്ങുന്ന താരങ്ങള്‍ക്ക് പരോക്ഷമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന് ശേഷം യുവതാരങ്ങളുടെ പ്രകടനത്തെ പറ്റി പ്രതികരിക്കവെയായിരുന്നു രോഹിത്തിന്റെ പരാമര്‍ശം. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം വെച്ച യുവതാരങ്ങള്‍ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് ടീമിനായി കളിക്കാന്‍ വിശപ്പുള്ള താരങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയത്.
 
രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യരെ ഒളിയമ്പെയ്തുകൊണ്ടാണ് രോഹിത്തിന്റെ പരാമര്‍ശമെന്ന് ക്രിക്കറ്റ് ആരാധകര്‍ വിലയിരുത്തുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടും ഇരുതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ കളിച്ചിരുന്നില്ല. ഇത്തരത്തില്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിനോട് വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ നായകന്റെ മുന്നറിയിപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍