Rohit Sharma Run Out: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 40 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ഇന്ത്യയുടെ വിജയശില്‍പ്പിയും കളിയിലെ താരവും.
ഫസല്‍ ഹഖ് ഫറൂഖി എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ച ഉടനെ രോഹിത് സിംഗിളിനായി ഓടുകയായിരുന്നു. എന്നാല്‍ അവിടെ ഇബ്രാഹിം സദ്രാന്‍ ഫീല്‍ഡ് ചെയ്യുന്നത് കണ്ട ശുഭ്മാന്‍ ഗില്‍ ക്രീസില്‍ നിന്ന് ഇറങ്ങിയില്ല. ബോള്‍ സദ്രാന്റെ കൈയില്‍ നിന്ന് പോകുകയാണെങ്കില്‍ മാത്രം ഓടാം എന്ന തീരുമാനത്തിലായിരുന്നു ഗില്‍. അത്യുഗ്രന്‍ ഫീല്‍ഡിങ്ങിലൂടെ സദ്രാന്‍ ആ ബോള്‍ തടഞ്ഞിട്ടു. ഈ സമയം കൊണ്ട് രോഹിത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിയെത്തി. ഗില്‍ ആണെങ്കില്‍ ക്രീസില്‍ നിന്ന് ഇറങ്ങിയിട്ടു പോലുമില്ല. വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസിനു ത്രോ ചെയ്ത് സദ്രാന്‍ രോഹിത്തിന്റെ വിക്കറ്റ് ഉറപ്പിച്ചു.
'ഞാന്‍ ഇവിടെ ഓടിയെത്തിയല്ലോ, നീ എന്തുകൊണ്ട് ഓടിയില്ല' എന്നാണ് റണ്‍ഔട്ടിനു പിന്നാലെ രോഹിത് ദേഷ്യത്തോടെ ഗില്ലിനോട് ചോദിച്ചത്. ബോള്‍ ഫീല്‍ഡറുടെ കൈയില്‍ ആണല്ലോ എന്നായിരുന്നു ഗില്ലിന്റെ മറുപടി. ഗില്‍ ഓടാത്തതിലുള്ള അതൃപ്തിയും നീരസവും രോഹിത് പരസ്യമായി പ്രകടിപ്പിച്ചു.