ഓസ്‌ട്രേലിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ബോള്‍ പോരാട്ടത്തില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ മുന്നോട്ട് വെച്ച 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്.
ടീമില്‍ തിരിച്ചെത്തിയെങ്കിലും ഓസ്‌ട്രേലിയയില്‍ ഹിറ്റായ ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ രോഹിത് മാറ്റം വരുത്തിയില്ല. ഇതോടെ അഡലെയ്ഡ് ടെസ്റ്റിലും ജയ്‌സ്വാള്‍- രാഹുല്‍ സഖ്യം ഓപ്പണര്‍മാരായി വരാനുള്ള സാധ്യത ഏറി. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരെ 16.3 ഓവറില്‍ 75 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നേടിയത്. 45 റണ്‍സെടുത്ത ജയ്‌സ്വാള്‍ പുറത്തായ ശേഷം ശുഭ്മാന്‍ ഗില്ലാണ് മൂന്നാം നമ്പറിലെത്തിയത്. 44 പന്തില്‍ 27 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോഴാണ് നാലാമനായി രോഹിത് ക്രീസിലെത്തിയത്. എന്നാല്‍ 11 പന്തില്‍ വെറും 3 റണ്‍സിന് രോഹിത് പുറത്തായി.