ബാറ്റിംഗില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും കീപ്പിംഗില്‍ പരാജയപ്പെടുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റോബിന്‍ ഉത്തപ്പയ്‌ക്ക് ക്ലാസ് എടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചര്‍ എത്തുന്നു. നല്ല ഉപദേശം ലഭിച്ചാല്‍ ഉത്തപ്പയ്‌ക്ക് കീപ്പിംഗില്‍ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്.
കൊല്‍ക്കത്തയ്‌ക്കായി ഓപ്പണറായി ഇറങ്ങുന്ന ഉത്തപ്പ ബാറ്റിംഗില്‍ നല്ല പ്രകടനം നടത്തുന്നുണ്ടെങ്കിലും വിക്കറ്റിന് പിന്നില്‍ പരാജയപ്പെടുകയാണ്. പല നിര്‍ണായക മത്സരങ്ങളിലും അനാവശ്യമായി എക്‌സ്ട്രാ റണ്‍സ് ഉത്തപ്പ വഴങ്ങിയിരുന്നു. ഇതോടെയാണ് കീപ്പിംഗില്‍ താരത്തിന് ഉപദേശം നല്‍കാന്‍ തീരുമാനിച്ചത്.
ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായിരുന്ന കൊല്‍ക്കത്തയുടെ നിലവിലെ പരിശീലകന്‍ ജാക്വസ് കല്ലിസിന്റെ ക്ഷണപ്രകാരമാണ് ബൗച്ചര്‍ ഇന്ത്യയിലേക്ക് വരുന്നത്. ഉത്തപ്പയെ കൂടാതെ ടീമിലെ മറ്റൊരു കീപ്പറായ ഷെല്‍ഡന്‍ ജാക്‌സണും
ബൗച്ചര്‍ ക്ലാസ് എടുക്കും.
ലോകക്രിക്കറ്റിലെ മികച്ച വിക്കറ്റ്കീപ്പര്‍മാരുടെ പട്ടികയിലാണ് ബൗച്ചറിന്റെ സ്ഥാനം. 998 പേരെയാണ് വിക്കറ്റിന് പിന്നില്‍ ക്യാച്ചെടുത്തും സ്റ്റംപ് ചെയ്തും ബൗച്ചര്‍ പുറത്താക്കിയത്.