Rishabh Pant: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ എട്ടിനു വിക്കറ്റിനു തോല്‍പ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ പ്രകടനമാണ്. കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ പന്തിനു സാധിച്ചു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 26 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 36 റണ്‍സെടുത്ത് പന്ത് പുറത്താകാതെ നിന്നു. കീപ്പിങ്ങില്‍ രണ്ട് ക്യാച്ചുകള്‍ക്കൊപ്പം ഒരു റണ്‍ഔട്ട് കൂടി പന്ത് സ്വന്തം പേരിലാക്കി.
രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഓപ്പണറായി എത്തിയതോടെ റിഷഭ് പന്തിന് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. നാലാമനായാണ് സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യാനെത്തിയത്. ലെഫ്റ്റ്-റൈറ്റ് കോംബിനേഷനു വേണ്ടിയാണ് പന്തിനെ വണ്‍ഡൗണ്‍ ആയി ഇറക്കിയത്. രോഹിത്, കോലി, സൂര്യകുമാര്‍ എന്നിവര്‍ വലംകൈയന്‍ ബാറ്റര്‍മാരാണ്. ഇവര്‍ക്കിടയിലേക്ക് ഇടംകൈയന്‍ ആയ പന്ത് എത്തുന്നത് ഗുണം ചെയ്യുമെന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം നൂറ് ശതമാനം ശരിയെന്ന് ഉറപ്പിക്കുന്ന പ്രകടനമായിരുന്നു അയര്‍ലന്‍ഡിനെതിരെ കണ്ടത്.
വരും മത്സരങ്ങളിലും പന്ത് തന്നെയായിരിക്കും ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റര്‍. ഇത് മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കും. റിഷഭ് പന്തോ സൂര്യകുമാര്‍ യാദവോ തുടര്‍ മത്സരങ്ങളില്‍ പൂര്‍ണമായി പരാജയപ്പെട്ടാല്‍ മാത്രമേ ഇനി സഞ്ജു പ്ലേയിങ് ഇലവനില്‍ എത്തൂ.