Virat Kohli: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 16 ഓവറില്‍ 96 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കി. രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലിയാണ് ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. കോലി ഓപ്പണറായി എത്തിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കോലി ഇത്തവണ നിരാശപ്പെടുത്തി.
അഞ്ച് പന്തില്‍ നിന്ന് ഒരു റണ്‍സെടുത്താണ് അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ കോലി പുറത്തായത്. അയര്‍ലന്‍ഡിനെതിരെ ഇതുവരെ കോലി രണ്ടക്കം കണ്ടിട്ടില്ല. അയര്‍ലന്‍ഡിനെതിരെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 10 റണ്‍സാണ് കോലിക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. ഒരു തവണ ഡക്കിനു പുറത്താകുകയും ചെയ്തിട്ടുണ്ട്. വലിയ ടീമുകള്‍ക്കെതിരെ മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്ന കോലിക്ക് അയര്‍ലന്‍ഡിനെ കണ്ടാല്‍ പേടിയാണോ എന്നാണ് ആരാധകര്‍ ട്രോളുന്നത്.
അതേസമയം ലോകകപ്പില്‍ ഉടനീളം കോലി ഓപ്പണറായി തുടരാനാണ് സാധ്യത. റിഷഭ് പന്ത് മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും ബാറ്റ് ചെയ്യാനെത്തും. ഐപിഎല്ലില്‍ ഓപ്പണറായി മികച്ച പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ഇതേ തുടര്‍ന്നാണ് ട്വന്റി 20 യില്‍ കോലി ഓപ്പണറായാല്‍ മതിയെന്ന തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയത്.