Ishan Kishan: ബിസിസിഐ അപേക്ഷിച്ചിട്ടും രഞ്ജിയിൽ കളിക്കാതെ ഇഷാൻ, അച്ചടക്ക നടപടിയായി ഒരു വർഷത്തെ വിലക്കോ?

അഭിറാം മനോഹർ
തിങ്കള്‍, 5 ഫെബ്രുവരി 2024 (19:28 IST)
രഞ്ജി ട്രോഫിയില്‍ കളിച്ച് ടീമില്‍ തിരിച്ചെത്തണമെന്ന ബിസിസിഐ നിര്‍ദേശം അവഗണിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരമായ ഇഷാന്‍ കിഷനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ അഭിഷേക് ത്രിപാഠിയാണ് ഈ വിവരം പുറത്തുവിട്ടത്. ബാറ്റിംഗില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ താരം തുടരെ ബെഞ്ചിലായിരുന്നു. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇഷാന്‍ പിന്‍വാങ്ങിയിരുന്നു. മാനസികമായി ക്ഷീണിതനാണെന്നായിരുന്നു ഇതിന് ഇഷാന്‍ നല്‍കിയ വിശദീകരണം.
 
എന്നാല്‍ ടീമില്‍ നിന്നും ഇടവേളയെടുത്ത് ഇഷാന്‍ കിഷന്‍ ദുബായില്‍ പാര്‍ട്ടി ആഘോഷങ്ങളില്‍ പങ്കെടുത്തതും സ്വകാര്യ ചടങ്ങുകളില്‍ ഭാഗമായതും ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായി ആഭ്യന്തര ക്രിക്കറ്റില്‍ ഫോം തെളിയിക്കണമെന്ന് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് താരത്തിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രഞ്ജി ട്രോഫി മത്സരങ്ങളിലും താരം പങ്കെടുത്തില്ല.
 
 ജാര്‍ഖണ്ഡ് ടീമിനൊപ്പം ചേരുമോ എന്നതില്‍ ഇഷാന്‍ യാതൊരു വിവരവും ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടില്ല. ഇതോടെ ഇഷാന്‍ കിഷനെ ഒരു വര്‍ഷക്കാലത്തേക്ക് ടീമിലേക്ക് പരിഗണിക്കേണ്ട എന്ന തീരുമാനമാണ് ടീം മാനേജ്‌മെന്റ് എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് മത്സരത്തില്‍ കെ എസ് ഭരതാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ ബാറ്റിംഗിലും കീപ്പിംഗിലും മികവ് തെളിയിക്കാന്‍ താരത്തിനായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത ഇഷാന്‍ കിഷന്‍ വരുന്ന ഐപിഎല്ലോടെയായിരിക്കും സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. എന്നാല്‍ ഒരു വര്‍ഷക്കാല വിലക്ക് നിലനില്‍ക്കുകയാണെങ്കില്‍ ഇഷാന്‍ മികച്ച പ്രകടനം നടത്തിയാലും ടീമില്‍ ഇടം നേടില്ല. സഞ്ജു സാംസണാകും ഇതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article