ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയിൽ കോലിയ്ക്ക് തകർക്കാൻ റെക്കോർഡുകൾ ഏറെ

അഭിറാം മനോഹർ

വ്യാഴം, 21 നവം‌ബര്‍ 2024 (13:19 IST)
സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ഫോമിലല്ലെങ്കിലും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. മോശം ഫോമിലാണെങ്കിലും നിരവധി റെക്കോര്‍ഡുകളാണ് പരമ്പരയില്‍ വിരാട് കോലിയെ കാത്തിരിക്കുന്നത്. നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും 54 ശരാശരിയില്‍ 6 സെഞ്ചുറികള്‍ ഉള്‍പ്പടെ 1353 റണ്‍സാണ് കോലി ഓസ്‌ട്രേലിയയില്‍ നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ ഈ മികച്ച പ്രകടനം ഇത്തവണയും കോലി തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 
 അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ചുറി നേടാനായാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്ററാകാന്‍ കോലിക്ക് സാധിക്കും. നിലവില്‍ ആറ് സെഞ്ചുറികളുമായി ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമാണ് കോലി. ഓസ്‌ട്രേലിയയില്‍ വിവിധ ഫോര്‍മാറ്റുകളിലായി 11 സെഞ്ചുറികള്‍ ഉള്‍പ്പടെ 3426 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 74 റണ്‍സ് കൂടി കണ്ടെത്തിയാല്‍ ഇത് 3500 ആക്കിമാറ്റാന്‍ കോലിയ്ക്ക് സാധിക്കും. ഇതോടെ ഡെസ്മണ്ട് ഹെയ്ന്‍സ്, സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നീ താരങ്ങള്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന താരമായി മാറാനാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍