കഴിഞ്ഞ 2 തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസീസിനെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ പരാജയപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ കളിക്കാരനായിരുന്നു ചേതേശ്വര്‍ പുജാര. ഇത്തവണ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ പരമ്പര ഇന്ത്യ കൈവിട്ടപ്പോള്‍ ആരാധകര്‍ ഏറെ അന്വേഷിച്ചതും പുജാര എവിടെയെന്നായിരുന്നു. ഇത്തവണ അതിനാല്‍ തന്നെ പുജാരയുടെ അസ്സാന്നിധ്യം വലിയ ആശ്വാസമാകും ഓസ്‌ട്രേലിയയ്ക്ക് സമ്മാനിക്കുക.
ഇക്കാര്യം പരസ്യമായി സമ്മതിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസറായ ജോഷ് ഹേസല്‍വുഡ്. ക്രീസില്‍ ഏറെ നേരം ചെലവഴിക്കുന്ന പുജാര ഇന്ത്യയ്‌ക്കൊപ്പമില്ല എന്നത് വലിയ ആശ്വാസമാണ് എന്നാണ് ഹേസല്‍വുഡ് പറയുന്നത്. പുജാര ഇവിടെയില്ല എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ക്രീസില്‍ ഏറെനേരം സമയം ചെലവഴിക്കുന്ന താരമാണ് അദ്ദേഹം. കഴിഞ്ഞ പര്യടനങ്ങളിലെല്ലാം മികച്ച പ്രകടനമാണ് പുജാര നടത്തിയിട്ടുള്ളത്. ഇപ്പോള്‍ ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍ ഒരു മിശ്രിതമാണ്. ഹേസല്‍വുഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പരമ്പര 2 ദിവസം കഴിഞ്ഞാല്‍ തുടങ്ങാനിരിക്കെ പുജാരയ്ക്ക് പകരം നമ്പര്‍ മൂന്നില്‍ ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് കൈവിരലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് വേണ്ടി 103 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പുജാര ഓസ്‌ട്രേലിയന്‍ മണ്ണില്‍ 11 മത്സരങ്ങളില്‍ നിന്നും 47.28 ശരാശരിയില്‍ 993 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. 2018-19 പര്യടനത്തില്‍ പ്ലെയര്‍ ഓഫ് ദ സീരീസായി തിരെഞ്ഞെടുക്കപ്പെട്ടതും പുജാരയായിരുന്നു.