Rishab pant vs Nathan lyon: 2018ൽ പന്തിനെ പുറത്താക്കിയത് 4 തവണ, പിന്നീട് ആ മാജിക് ആവർത്തിക്കാൻ ലിയോണിനായില്ല, ഇത്തവണ കളി മാറുമോ?

അഭിറാം മനോഹർ

ബുധന്‍, 20 നവം‌ബര്‍ 2024 (16:41 IST)
Rishab Pant- Nathan lyon
ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ന്യൂസിലന്‍ഡിനോടേറ്റ പരമ്പര നഷ്ടത്തിന്റെ ആഘാതത്തിലാണെങ്കിലും ഇത്തവണയും ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയുടെ ആവേശത്തിന് മങ്ങലേറ്റിട്ടില്ല. 2018-19ലും 2020-21ലും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പരകള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇത്തവണ പക്ഷേ സ്വന്തം മണ്ണില്‍ പരമ്പര കൈവിടില്ല എന്നുറച്ചാണ് ഓസ്‌ട്രേലിയന്‍ സംഘമെത്തുന്നത്.
 
ക്രിക്കറ്റിലെ 2 വന്‍ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുവെന്നത് മാത്രമല്ല ഇന്ത്യ- ഓസ്‌ട്രേലിയന്‍ പരമ്പരകളെ ആവേശകരമാക്കുന്നത്. അതിനൊപ്പം കളിക്കളത്തില്‍ ചില താരങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളും ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നുണ്ട്. കോലി- കമ്മിന്‍സ്, സ്മിത്ത്- അശ്വിന്‍, റിഷഭ് പന്ത്- നഥാന്‍ ലിയോണ്‍ പോരാട്ടവും അതില്‍ ചിലതാണ്. ന്യൂസിലന്‍ഡില്‍ രോഹിത് ശര്‍മയും വിരാട് കോലിയും നിറം മങ്ങിയ സാഹചര്യത്തില്‍ നഥാന്‍ ലിയോണ്‍- റിഷഭ് പന്ത് പോരാട്ടത്തിനാകും ലോകം കൂടുതല്‍ കാത്തിരിക്കുന്നത്.
 
2018-19ലെ പര്യടനത്തില്‍ നാല് തവണയാണ് ലിയോണിന്റെ ബൗളിംഗിന് മുന്നില്‍ പന്ത് അടിയറവ് പറഞ്ഞത്. എന്നാല്‍ അതിന് ശേഷം നഥാന്‍ ലിയോണിന് മുകളില്‍ അതിശയകരമായ റെക്കോര്‍ഡാണ് പന്തിനുള്ളത്. 5 വര്‍ഷം മുന്‍പ് ലിയോണ്‍ ചുരുട്ടിക്കൂട്ടിയ പഴയ റിഷഭ് പന്തല്ല നിലവിലെ പന്ത്. 2020-21ലെ പ്രശസ്തമായ ഗാബ ടെസ്റ്റിലടക്കം പല തവണ റിഷഭ് പന്ത് ലിയോണിനെ പഞ്ഞിക്കിട്ടു കഴിഞ്ഞു.
 
2019ലെ പര്യടനത്തില്‍ ലിയോണിന്റെ 103 പന്തുകളെ നേരിട്ട റിഷഭ് പന്ത് 71 റണ്‍സാണ് നേടിയത്. എന്നാല്‍ നാല് തവണ് ലിയോണിന് മുന്നില്‍ പന്ത് തന്റെ വിക്കറ്റ് സമര്‍പ്പിച്ചു. 2019ലും 2020ലും പന്തിനെ പുറത്താക്കാന്‍ ലിയോണിന് കഴിഞ്ഞില്ല. 2019ല്‍ ലിയോണ്‍ എറിഞ്ഞ 81 പന്തില്‍ 51 റണ്‍സും 2020ല്‍16 പന്തില്‍ 12 റണ്‍സുമാണ് താരം നേടിയത്. 2021ല്‍ 147 പന്തില്‍ 95 റണ്‍സും പന്ത് നേടി. ആ വര്‍ഷം ഒരു തവണ പന്തിനെ ലിയോണ്‍ പുറത്താക്കുകയും ചെയ്തു.
 
 ഈ വര്‍ഷം വീണ്ടും ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ലിയോണ്‍ പ്രധാനമായും ലക്ഷ്യമിടുന്നത് പന്തിന്റെ വിക്കറ്റുകള്‍ തന്നെയാണ്. റിഷഭ് പുറത്താവുന്നതോടെ ഇന്ത്യന്‍ മധ്യനിര പൊളിയും എന്നതും ഇതിന് കാരണമാണ്. പന്തിന്റെ സിക്‌സറുകളെ ഭയക്കുന്നില്ലെന്നും പന്തിനെ സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റ് സ്വന്തമാക്കാന്‍ ഇക്കുറി തനിക്ക് സാധിക്കുമെന്നുമാണ് ലിയോണ്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍