IPL 2024: "ഐപിഎല്ലിലെ ആദ്യമത്സരം": കോലിയെ കാത്ത് 2 റെക്കോർഡ് നേട്ടങ്ങൾ

അഭിറാം മനോഹർ
വെള്ളി, 22 മാര്‍ച്ച് 2024 (17:11 IST)
ഐപിഎല്‍ പതിനേഴാം പതിപ്പിന് ഇന്ന് തുടക്കമാവുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ കാത്ത് 2 റെക്കോര്‍ഡ് നേട്ടങ്ങള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലാണ് ഈ വര്‍ഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരം. ഇത്തവണ ബെംഗളുരുവിനായി ഓപ്പണറായാണ് കോലി ഇറങ്ങുക. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ 6 റണ്‍സ് കൂടി നേടാനായാല്‍ ടി20 ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോലി മാറും. 376 ടി20 മത്സരങ്ങളില്‍ നിന്നും 11,994 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.
 
ചെന്നൈയ്‌ക്കെതിരെ 15 റണ്‍സ് സ്വന്തമാക്കാനായാല്‍ ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാന്‍ കോലിയ്ക്ക് സാധിക്കും.31 മത്സരങ്ങളില്‍ നിന്നും 985 റണ്‍സാണ് കോലി ചെന്നൈയ്‌ക്കെതിരെ നേടിയിട്ടുള്ളത്. അതേസമയം മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടാന്‍ സാധിക്കുകയാണെങ്കില്‍ ടി20യില്‍ നൂറ് അര്‍ധസെഞ്ചുറികളെന്ന നേട്ടം കോലിക്ക് സ്വന്തമാവും. 110 അര്‍ധസെഞ്ചുറികള്‍ ടി20യിലുള്ള വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്‌ലാണ് അര്‍ധസെഞ്ചുറി നേട്ടത്തില്‍ മുന്നിലുള്ളത്. രണ്ടാമതുള്ള ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് 109 ടി20 ഫിഫ്റ്റികളാണുള്ളത്.
 
ഐപിഎല്ലില്‍ 237 മത്സരങ്ങളില്‍ നിന്നും 7263 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 113 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ കരിയറില്‍ 7 സെഞ്ചുറികളും 50 അര്‍ധസെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ 639 റണ്‍സുമായി തിളങ്ങാനും കോലിയ്ക്ക് സാധിച്ചിരുന്നു.പുറത്താകാതെ നേടിയ 101 റണ്‍സാണ് കഴിഞ്ഞ സീസണിലെ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 2 സെഞ്ചുറികളും കഴിഞ്ഞ സീസണില്‍ കോലി നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article