Virat Kohli: വിരാട് കോലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ആരാധകര്‍. ആര്‍സിബിയില്‍ നിന്നുകൊണ്ട് ഒരു കപ്പ് നേടാന്‍ കോലിക്ക് സാധിക്കില്ലെന്നും ഐപിഎല്ലില്‍ ഇത്രയേറെ റെക്കോര്‍ഡ് ഉള്ള കോലി കിരീടമില്ലാതെ വിരമിക്കേണ്ടി വരുന്ന സാഹചര്യം സഹിക്കാന്‍ പറ്റില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ഒരു സീസണ്‍ കൂടി കളിക്കാന്‍ സാധിച്ചാല്‍ അത് വേറൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയാകുന്നതാണ് കോലിക്ക് നല്ലതെന്നാണ് ആരാധകരുടെ അഭിപ്രായം.
ആര്‍സിബിക്ക് വേണ്ടി ഏറ്റവും മികച്ച രീതിയില്‍ വര്‍ഷങ്ങളായി കളിക്കുന്ന താരമാണ് കോലി. 2010 മുതല്‍ 2023 വരെയുള്ള സീസണുകള്‍ നോക്കിയാല്‍ അതില്‍ ഒന്നില്‍ പോലും കോലി 300 റണ്‍സില്‍ കുറവ് നേടിയിട്ടില്ല. അങ്ങനെയൊരു താരത്തിനു ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്തത് വലിയ നിര്‍ഭാഗ്യമാണ്.
ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ ആര്‍സിബി പുറത്തായതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതാണ് ആര്‍സിബി പ്ലേ ഓഫില്‍ നിന്ന് പുറത്താകാന്‍ കാരണം. മത്സരത്തില്‍ കോലി സെഞ്ചുറിയടിച്ചെങ്കിലും ടീമിന് ജയിക്കാന്‍ സാധിക്കാത്തതില്‍ ആരാധകര്‍ക്ക് വലിയ വിഷമമുണ്ട്.
കോലിക്ക് ഇപ്പോള്‍ 34 വയസ് കഴിഞ്ഞു. അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചാലും കുറച്ച് വര്‍ഷം കൂടി കോലി ഐപിഎല്ലില്‍ തുടര്‍ന്നേക്കും. അതുകൊണ്ട് ആര്‍സിബി കോലിയെ ഈ സീസണ്‍ കഴിഞ്ഞാല്‍ റിലീസ് ചെയ്യണം. വേറെന്തെങ്കിലും ഫ്രാഞ്ചൈസിയില്‍ കളിച്ച് കപ്പ് നേടാന്‍ കോലിക്ക് അവസരമുണ്ടാക്കി കൊടുക്കണം. ഐപിഎല്ലില്‍ ഇത്രയേറെ റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള കോലി ഒരു കിരീടമില്ലാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നാല്‍ അത് തങ്ങള്‍ക്ക് വേദനയുണ്ടാക്കുമെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ഐപിഎല്‍ കളിക്കുന്നിടത്തോളം കാലം താന്‍ ആര്‍സിബിയില്‍ ഉണ്ടാകുമെന്നാണ് കോലിയുടെ നിലപാട്. എത്ര കോടികള്‍ മറ്റ് ഫ്രാഞ്ചൈസികള്‍ ഓഫര്‍ ചെയ്താലും ആര്‍സിബി വിടാന്‍ കോലി ഒരുക്കമല്ല.