Dinesh Karthik: ദിനേശ് കാര്‍ത്തിക്കിനെ കയ്യൊഴിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാനേജ്‌മെന്റ്. ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അടുത്ത സീസണില്‍ കാര്‍ത്തിക്കിനെ റിലീസ് ചെയ്യാനാണ് തീരുമാനം. കാര്‍ത്തിക്ക് ഇനി ആര്‍സിബിക്കൊപ്പം തുടരില്ല. കഴിഞ്ഞ സീസണിലെ പകുതി ഫോം പോലും കാര്‍ത്തിക്കില്‍ ഈ വര്‍ഷം കണ്ടില്ലെന്ന് പ്ലേ ഓഫില്‍ നിന്ന് പുറത്തായ ശേഷം ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസും പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് കാര്‍ത്തിക്ക് പുറത്തായത്. ഈ സീസണില്‍ എല്ലാ അര്‍ത്ഥത്തിലും വന്‍ പരാജയമാണ് കാര്‍ത്തിക്ക്. 13 മത്സരങ്ങളില്‍ നിന്ന് വെറും 140 റണ്‍സാണ് കാര്‍ത്തിക്കിന്റെ ഈ സീസണിലെ സമ്പാദ്യം. ശരാശരി 11.67 മാത്രം. സ്‌ട്രൈക്ക് റേറ്റ് ആണെങ്കില്‍ 134.62. കാര്‍ത്തിക്ക് ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുകയാണ് ഏറ്റവും നല്ലതെന്നാണ് കണക്കുകള്‍ നിരത്തി ആരാധകര്‍ പറയുന്നത്.
മിക്ക മത്സരങ്ങളിലും നിര്‍ണായക സമയത്താണ് കാര്‍ത്തിക്ക് ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ ഒരിക്കല്‍ പോലും ടീമിനെ ജയത്തിലേക്ക് എത്തിക്കുന്ന തരത്തില്‍ നല്ലൊരു ഇന്നിങ്സ് കളിക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടില്ല. ഐപിഎല്‍ കമന്റേറ്ററായി ജോലി ചെയ്യുകയാണ് കാര്‍ത്തിക്കിന് നല്ലതെന്നാണ് ആര്‍സിബി ആരാധകര്‍ അടക്കം ഇപ്പോള്‍ പറയുന്നത്. കാര്‍ത്തിക്ക് ടീമിന് ഭാരമാണെന്നും പകരം മറ്റാരെയെങ്കിലും പരീക്ഷിക്കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നു.