IPL Play Off: മേയ് 23 ചൊവ്വാഴ്ച മുതല്‍ ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കും. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് ഇത്തവണ പ്ലേ ഓഫ് കളിക്കുന്നത്.
മേയ് 23 ചൊവ്വാഴ്ചയാണ് ഒന്നാം ക്വാളിഫയര്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാത്രി 7.30 മുതല്‍ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഈ കളിയില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ എത്തും.
മേയ് 24 ബുധനാഴ്ച ചെന്നൈയില്‍ തന്നെയാണ് എലിമിനേറ്റര്‍ മത്സരം നടക്കുക. പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി 7.30 ന് തന്നെയാണ് മത്സരം ആരംഭിക്കുക. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്താകും.
ഒന്നാം ക്വാളിഫയറില്‍ തോറ്റ ടീമും എലിമിനേറ്ററില്‍ ജയിച്ച ടീമും തമ്മിലായിരിക്കും രണ്ടാം ക്വാളിഫയര്‍. മേയ് 26 വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയര്‍ നടക്കുക. രാത്രി 7.30 മുതല്‍ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ഒന്നാം ക്വാളിഫയറിലെ വിജയികളും രണ്ടാം ക്വാളിഫയറിലെ വിജയികളും തമ്മില്‍ ഫൈനല്‍ നടക്കും. മേയ് 28 ഞായറാഴ്ച അഹമ്മദബാദില്‍ വെച്ച് രാത്രി 7.30 മുതലാണ് ഫൈനല്‍ മത്സരം.