റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് ഉടന്‍ റിലീസ് ചെയ്യണമെന്ന് ആരാധകര്‍. ഒന്നിനും കൊള്ളാത്ത ഒരു താരത്തെ എന്തിനാണ് മാനേജ്‌മെന്റ് തീറ്റിപോറ്റുന്നതെന്ന് ആരാധകര്‍ ക്ഷോഭത്തോടെ ചോദിക്കുന്നു. ഗുജറാത്തിനെതിരായ മത്സരത്തിലും പരാഗ് പരാജയമായി. ആറ് പന്തില്‍ നാല് റണ്‍സെടുത്താണ് പരാഗ് പുറത്തായത്. ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തിയ പരാഗിന് ടീമിനായി യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല. എത്ര അവസരങ്ങള്‍ കൊടുത്താലും പരാഗ് മെച്ചപ്പെടുമെന്ന് തോന്നുന്നില്ലെന്നാണ് ആരാധകരുടെ വാദം.
ഈ സീസണില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 58 റണ്‍സ് മാത്രമാണ് പരാഗ് ഇതുവരെ നേടിയിരിക്കുന്നത്. 2022 മെഗാ താരലേലത്തില്‍ 3.8 കോടി ചെലവഴിച്ചാണ് രാജസ്ഥാന്‍ പരാഗിനെ സ്വന്തമാക്കിയത്. എന്നിട്ട് ടീമിന് വേണ്ടി കളിക്കുമ്പോള്‍ 50 ലക്ഷത്തിന്റെ ഗുണം പോലും പരാഗ് ചെയ്യുന്നില്ലെന്നാണ് ആരാധകരുടെ വാദം. പരാഗിന് പകരം ഒരു തടികഷ്ണത്തെ വിക്കറ്റിനു മുന്നില്‍ വയ്ക്കുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്.
ഏപ്രില്‍ 19 ന് ലഖ്‌നൗവിനെതിരായ മത്സരത്തിന് ശേഷം പിന്നീട് രാജസ്ഥാന് വേണ്ടി പരാഗ് കളിക്കുന്നത് ഇന്നലെയാണ്. നാല് വിക്കറ്റുകള്‍ നഷ്ടമായി നില്‍ക്കുന്ന സമയത്താണ് പരാഗ് ഇംപാക്ട് പ്ലെയറായി ക്രീസിലെത്തുന്നത്. ടീമിന് ഏറെ ആവശ്യമുള്ള സമയമായിട്ട് പോലും ഒന്ന് ക്രീസില്‍ നിലയുറപ്പിക്കാന്‍ പരാഗിന് സാധിച്ചില്ല.
2022 ല്‍ 183 റണ്‍സ് മാത്രമാണ് പരാഗ് ഐപിഎല്ലില്‍ നേടിയത്, ശരാശരി 16 ! 2021 ല്‍ 11 ശരാശരിയില്‍ വെറും 93 റണ്‍സ്. ഇങ്ങനെയൊരു താരത്തെ എത്രനാള്‍ ഇനിയും സഹിക്കണമെന്നാണ് ആരാധകരുടെ ചോദ്യം.