Joe Root: മോശം ടീം സെലക്ഷനിലൂടെ കുമാര്‍ സംഗക്കാരയും സഞ്ജു സാംസണും തോല്‍വി ചോദിച്ചുവാങ്ങുകയാണെന്ന് ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്‍പത് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് രാജസ്ഥാന്‍ ആരാധകര്‍ വരെ നായകനും പരിശീലകനും എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും മികച്ച സ്‌ക്വാഡ് ഉണ്ടായിട്ടും അതില്‍ നിന്ന് ഉപകാരമുള്ള തരത്തില്‍ ഒരു പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കാന്‍ രാജസ്ഥാന് സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ വാദം.
ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ടിന് ഈ സീസണില്‍ ഇതുവരെ രാജസ്ഥാന്‍ അവസരം നല്‍കിയിട്ടില്ല. ഒരു കളിയില്‍ പോലും ഇംപാക്ട് പ്ലെയര്‍ എന്ന നിലയിലും റൂട്ടിനെ പരീക്ഷിച്ചു നോക്കിയിട്ടില്ല. ലോകോത്തര ബാറ്ററായ റൂട്ടിനെ സബ്സ്റ്റിറ്റിയൂട്ടിന്റെ ജേഴ്‌സി ധരിപ്പിച്ച് ഡഗ്ഔട്ടില്‍ ഇങ്ങനെ ഇരുത്തുന്നത് അത്ര ശരിയായ തീരുമാനമല്ലെന്നാണ് ആരാധകരുടെ വാദം. യാതൊരു പ്രയോജനവും ഇല്ലാത്ത റിയാന്‍ പരാഗിന് തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുന്ന സമയത്ത് ഒരു കളിയെങ്കിലും റൂട്ടിനെ പരീക്ഷിച്ചു നോക്കിക്കൂടെ എന്ന് ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള താരമാണ് റൂട്ട്. സ്പിന്നിനെയും പേസിനെയും ഒരുപോലെ കളിക്കാന്‍ റൂട്ടിന് സാധിക്കും. റൂട്ട് എത്തിയാല്‍ രാജസ്ഥാന്റെ മധ്യനിര കൂടുതല്‍ കരുത്തുറ്റതാകുമെന്നും ആരാധകര്‍ പറയുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ വീണാലും വാലറ്റത്തെ കൂട്ടുപിടിച്ച് റണ്‍സ് ഉയര്‍ത്താന്‍ കഴിവുള്ള താരം കൂടിയാണ് റൂട്ട്. ഇതൊന്നും സംഗക്കാരയ്ക്കും സഞ്ജുവിനും അറിയാത്ത കാര്യമാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യയില്‍ ഒന്‍പത് ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്നായി 53.57 ശരാശരിയില്‍ 375 റണ്‍സ് നേടിയിട്ടുള്ള താരമാണ് റൂട്ട്. സ്‌ട്രൈക്ക് റേറ്റ് 128.86 ആണ്. അടിസ്ഥാന വിലയായ ഒരു കോടിക്കാണ് റൂട്ടിനെ രാജസ്ഥാന്‍ ലേലത്തില്‍ സ്വന്തമാക്കിയത്.