Sanju Samson: രാജസ്ഥാന് റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ തീരുമാനങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ബൗളര്‍മാരെ ഉപയോഗിക്കാന്‍ സഞ്ജുവിന് അറിയില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഗുജറാത്തിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ഒന്‍പത് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 17.5 ഓവറില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടീം ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 13.5 ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യം കണ്ടു.
36 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. നേരത്തെ സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് രാജസ്ഥാന്റെ ശക്തമായ ബാറ്റിങ് നിരയെ തകര്‍ത്തത്. സ്പിന്നര്‍മാര്‍ ആറ് വിക്കറ്റുകളാണ് ഗുജറാത്തിന് വേണ്ടി വീഴ്ത്തിയത്. ജയ്പൂരിലെ പിച്ചില്‍ സ്പിന്നര്‍മാരെ കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആദ്യ ഇന്നിങ്‌സില്‍ തന്നെ സഞ്ജു മനസിലാക്കിയതാണ്. എന്നിട്ടും ഗുജറാത്ത് ബാറ്റ് ചെയ്യുമ്പോള്‍ പവര്‍പ്ലേയില്‍ ഒരു ഓവര്‍ പോലും സഞ്ജു സ്പിന്നിന് നല്‍കിയില്ല.
കുറച്ചെങ്കിലും വിവേകം ഉണ്ടായിരുന്നെങ്കില്‍ പവര്‍പ്ലേയില്‍ തന്നെ സ്പിന്നര്‍മാരെ ഉപയോഗിക്കാന്‍ സഞ്ജു ശ്രമിക്കുമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ലോകോത്തര സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും യുസ്വേന്ദ്ര ചഹലും രാജസ്ഥാനിലുണ്ട്. പവര്‍പ്ലേയില്‍ തന്നെ ഇരുവരും ബൗള്‍ ചെയ്തിരുന്നെങ്കില്‍ രാജസ്ഥാന്റെ തോല്‍വി ഇത്ര ദയനീയമാകില്ലായിരുന്നു എന്നാണ് ആരാധകരുടെ വാദം.
സ്പിന്നിനെ നന്നായി പിന്തുണയ്ക്കുന്ന പിച്ചാണെന്ന് അറിഞ്ഞിട്ടും പവര്‍പ്ലേയിലെ ആറ് ഓവറുകളും പേസ് ബൗളര്‍മാരെ കൊണ്ട് എറിഞ്ഞു തീര്‍ക്കാനാണ് സഞ്ജു തിടുക്കം കാണിച്ചത്. പവര്‍പ്ലേയില്‍ ഗുജറാത്തിന് വിക്കറ്റൊന്നും നഷ്ടമായതും ഇല്ല. പവര്‍പ്ലേ കഴിഞ്ഞ് സ്പിന്നര്‍മാര്‍ എത്തിയപ്പോഴേക്കും ഗുജറാത്ത് 90 ശതമാനം കളി ജയിച്ചു കഴിഞ്ഞിരുന്നു. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പവര്‍പ്ലേയില്‍ തന്നെ റാഷിദ് ഖാന് പന്ത് നല്‍കിയ ഹാര്‍ദിക് പാണ്ഡ്യയെ കണ്ടുപഠിക്കുകയാണ് സഞ്ജു ചെയ്യേണ്ടതെന്നും ആരാധകര്‍ പറയുന്നു.