ഐസിസി റാങ്കിങ്; ടെസ്‌റ്റ് ബോളര്‍മാരില്‍ അശ്വിൻ ഒന്നാമന്‍

Webdunia
വ്യാഴം, 31 ഡിസം‌ബര്‍ 2015 (15:22 IST)
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ് പ്രകാരം ഇന്ത്യൻ താരം ആർ അശ്വിൻ ബോളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികയിൽ ഒന്നാമത്. 2009 മുതൽ ഒന്നാം നമ്പർ ടെസ്റ്റ് ബോളര്‍ പദവിയിലിരിക്കുന്ന ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയിനെ പിന്തള്ളിയാണ് അശ്വിൻ ഒന്നാം നമ്പറായത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ബാറ്റ്സ്മാൻമാരുടെ പട്ടകയിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഈ വർഷം മാത്രം ഒൻപതു ടെസ്റ്റുകളിൽനിന്നായി 62 വിക്കറ്റുകൾ നേടിയതോടെയാണ് ഒന്നാം നമ്പർ ബോളർ സ്ഥാനത്തേക്ക് അശ്വിന്‍ എത്തിയത്. ഇംഗ്ലണ്ട് പേസര്‍ സ്‌റ്റുവാര്‍ട്ട് ബ്രോഡാണ് വിക്കറ്റ് വേട്ടയില്‍ രണ്ടാമന്‍. 14 ടെസ്‌റ്റുകളില്‍ നിന്നായി 56 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. അതേസമയം, പരുക്കിന്റെ പിടിയിലായ ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ബോക്‍സിംഗ് ഡേ ടെസ്റ്റുകളുടെ സമാപനത്തിന് പിന്നാലെയാണ് ഐസിസി ഏറ്റവും പുതിയ റാങ്കിങ് പ്രസിദ്ധീകരിച്ചത്.