അഫ്ഗാന്‍ ക്രിക്കറ്റിന്റെ യുവരാജും കൈഫും വരുന്നു, എതിരാളികള്‍ക്ക് അശ്വിന്റെ മുന്നറിയിപ്പ്

അഭിറാം മനോഹർ

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (17:56 IST)
Afghanistan
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ ടീമാണ് അഫ്ഗാനിസ്ഥാന്‍. സ്വന്തം രാജ്യത്ത് ക്രിക്കറ്റ് കളിക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നിട്ട് പോലും വിദേശലീഗുകളില്‍ പയറ്റിതെളിഞ്ഞാണ് അഫ്ഗാന്‍ താരങ്ങള്‍ അഫ്ഗാനായി കളിക്കുന്നത്. ഇക്കഴിഞ്ഞ ലോകകപ്പുകളിലെല്ലാം മികച്ച പ്രകടനമാണ് അഫ്ഗാന്‍ താരങ്ങള്‍ പുറത്തെടുത്തത്. ഇപ്പോഴിതാ അഫ്ഗാന്‍ ക്രിക്കറ്റിനെ മാറ്റിമറിയ്ക്കാന്‍ സാധ്യതയുള്ള 2 താരങ്ങള്‍ അഫ്ഗാന്‍ ടീമില്‍ എത്തിയതായി പറയുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നറായ ആര്‍ അശ്വിന്‍.
 
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അഫ്ഗാന്റെ ഭാവി യുവരാജിനെയും മുഹമ്മദ് കൈഫിനെയും അശ്വിന്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. അഫ്ഗാന്‍ യുവതാരങ്ങളായ റിയാസ് ഹസന്‍,ബഹിര്‍ ഷാ എന്നിവര്‍ അഫ്ഗാന്‍ ക്രിക്കറ്റിനെ മാറ്റിമറിയ്ക്കുമെന്ന് അശ്വിന്‍ പറയുന്നു. 2000ത്തിന്റെ തുടക്കകാലങ്ങളിലെ യുവരാജിനെയും കൈഫിനെയുമാണ് 2 താരങ്ങളും ഓര്‍മപ്പെടുത്തുന്നതെന്ന് അശ്വിന്‍ പറയുന്നു.
 
ഇബ്രാഹിം സര്‍ദാന്‍, റഹ്മത്ത് ഷാ തുടങ്ങിയവര്‍ക്കൊപ്പം യുവതാരങ്ങള്‍ കൂടി ചേരുന്നതോടെ അഫ്ഗാന്‍ ബാറ്റിംഗ് നിര കൂടുതല്‍ സന്തുലിതമാകുമെന്ന് അശ്വിന്‍ പറയുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള അഫ്ഗാന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് യുവതാരങ്ങള്‍ക്കുള്ളത്. 22 കാരനായ റിയാസ് ഹസന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18 ഇന്നിങ്ങ്‌സുകളില്‍ നിന്നും 56 റണ്‍സ് ശരാശരിയില്‍ 901 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. 3 സെഞ്ചുറികളും 3 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
 
24കാരനായ ബഹിര്‍ ഷാ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 69 ഇന്നിങ്ങ്‌സില്‍ നിന്നും 59.16 റണ്‍സ് ശരാശരിയില്‍ 3254 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. 10 സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. വരുന്ന വര്‍ഷങ്ങളില്‍ അഫ്ഗാന്‍ ക്രിക്കറ്റിനായി ഒരുപാട് നേട്ടങ്ങള്‍ ഈ യുവതാരങ്ങള്‍ക്ക് സ്വന്തമാക്കാനാകുമെന്നാണ് അശ്വിന്‍ പറയുന്നത്. അതിനാല്‍ തന്നെ ന്യൂസിലന്‍ഡിനെതിരെ ഈ താരങ്ങളുടെ പ്രകടനങ്ങളെ താന്‍ ഉറ്റുനോക്കുകയാണെന്നും അശ്വിന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍