ദക്ഷിണാഫ്രിക്കയ്ക്ക് മാര്‍ക്രം, ഓസീസിന് മാക്‌സ്വെല്‍, 2011ല്‍ യുവരാജ് ചെയ്ത് റോള്‍ ചെയ്യാന്‍ ഇന്ത്യയ്ക്ക് ആരുണ്ട് ?

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (20:20 IST)
2023ല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യന്‍ പിച്ചുകളില്‍ ഏറെ നിര്‍ണായകമാണ് സ്പിന്നര്‍മാരുടെ സാന്നിധ്യം. പല ടീമുകളും ബാറ്റിംഗ് കരുത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ഇന്ത്യയില്‍ പല ടീമുകളെയും അപകടകാരികളാക്കുന്നത് ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യമാണ്. ഇതില്‍ തന്നെ ബാറ്റിംഗ് ഓള്‍ റൗണ്ടര്‍മാരുടെ പ്രകടനം വലിയ മുന്‍തൂക്കമാണ് ടീമുകള്‍ക്ക് നല്‍കുന്നത്. 2011ല്‍ യുവരാജ് സിംഗ് ഇന്ത്യയ്ക്കായി ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി മാറിയത് യുവരാജായിരുന്നു.
 
യുവരാജിനെ പോലൊരു താരത്തിന് പകരം വെയ്ക്കാന്‍ ഒരു താരം ഇന്ത്യയ്ക്കില്ല എന്നത് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. അതേസമയം യുവരാജ് സിംഗിന്റെ അതേ അച്ചില്‍ വെയ്ക്കാന്‍ പറ്റുന്ന ചില താരങ്ങള്‍ ഇത്തവണ ടൂര്‍ണമെന്റിനെത്തുന്ന പല ടീമുകള്‍ക്കുമുണ്ട്. ഇത് ടൂര്‍ണമെന്റില്‍ ആ ടീമുകള്‍ക്ക് എക്‌സ് ഫാക്ടര്‍ തന്നെയാകുമെന്നതില്‍ സംശയമില്ല.
 
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരമായ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഇതില്‍ ഏറ്റവും പ്രധാനി. ഇന്ത്യക്കെതിരായ കഴിഞ്ഞ ഏകദിനമത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെങ്കിലും 40 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ധാരാളം കളിച്ചിട്ടുള്ള താരമായതിനാല്‍ തന്നെ ഇന്ത്യന്‍ പിച്ചുകളെ പറ്റി മികച്ച ധാരണയുണ്ട് എന്നതും മാക്‌സവെല്ലിനെ അപകടകാരിയാക്കുന്നു.
 
ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ തിളങ്ങിയ ശ്രീലങ്കയുടെ അസലങ്കയും ഇന്ത്യന്‍ പിച്ചുകളില്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന താരമാണ്. ബാറ്റ് കൊണ്ടും മികവ് കാണിക്കാന്‍ അസലങ്കയ്ക്ക് സാധിക്കും. ഇക്കുറി വെല്ലാലഗെ അടക്കം മികച്ച സ്പിന്നര്‍മാര്‍ ശ്രീലങ്കന്‍ നിരയിലുണ്ട്. മധ്യഓവറുകളില്‍ വമ്പന്‍ അടികള്‍ക്ക് പേരുകേട്ട ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്ങ്സ്റ്റണും ബാറ്റ് കൊണ്ടും ബോളുകൊണ്ടും മത്സരം മാറ്റിമറിയ്ക്കാന്‍ കഴിയുന്ന താരമാണ്. ഐപിഎല്ലിലെ മത്സരപരിചയം താരത്തിനും മുതല്‍ക്കൂട്ടാകും.
 
ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് ഇന്ത്യയില്‍ അപകടകാരിയാകാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഇന്ത്യയില്‍ ടീമുകളുടെ പ്രധാന സ്പിന്നര്‍മാര്‍ക്ക് സഹായിയാവുക എന്നതിനൊപ്പം വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ ഈ താരങ്ങള്‍ അവരുടെ ടീമുകള്‍ക്ക് നല്‍കുന്ന സന്തുലനം വലുതാണ്. ഇന്ത്യയ്ക്ക് ഇത്തവണ ഇല്ലാത്തതും യുവരാജിനെ പോലെ ബൗളിംഗിലും എക്‌സ് ഫാക്ടറാകാന്‍ സാധിക്കുന്ന ഒരു താരത്തിനെയാണ്. ലോകകപ്പില്‍ ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article