വീണ്ടുമൊരു ക്രിക്കറ്റ് ലോകകപ്പിന് കൂടി അരങ്ങൊരുമ്പോള്‍ ക്രിക്കറ്റ് ലോകമെല്ലാം ക്രിക്കറ്റിന്റെ ആവേശത്തിലാണ്. സ്വന്തം മണ്ണില്‍ രണ്ടാമതൊരു ലോകകിരീടം കൂടി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. 2011 മുതല്‍ ആതിഥേയ രാജ്യങ്ങളാണ് ലോകകപ്പില്‍ വിജയികളായിട്ടുള്ളത് എന്ന കണക്ക് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇത്തവണ ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് നേട്ടമാണ് ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിയെയും രവിചന്ദ്ര അശ്വിനെയും കാത്തിരിക്കുന്നത്.
ഇതുവരെ രണ്ട് തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 1983ല്‍ കപില്‍ദേവിന് കീഴിലും 2011ല്‍ എം എസ് ധോനിക്ക് കീഴിലുമായിരുന്നു ഇത്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ആര്‍ അശ്വിനും വിരാട് കോലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഇവര്‍ രണ്ടുപേരും ഇന്ത്യയുടെ 2023ലെ ലോകകപ്പ് ടീമിലും ഭാഗമാണ്. ഇത്തവണ ഇന്ത്യയ്ക്ക് ലോകകപ്പ് സ്വന്തമാക്കാന്‍ കഴിയുകയാണെങ്കില്‍ ഏകദിന ലോകകപ്പിന്റെ 48 വര്‍ഷം നീണ്ട ചരിത്രത്തില്‍ 2 തവണ ലോകകിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളായി അശ്വിനും കോലിയും മാറും.