ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണായകമായ താരമാണെങ്കിലും ലോകകപ്പ് അടുക്കുന്നത് വരെ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു കെ എല്‍ രാഹുല്‍. ലോകകപ്പ് അടുക്കുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയാണ് താരത്തിന്റെ ഫോമിനെ പറ്റി ഉണ്ടായിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തോടെ തന്റെ ബാറ്റിംഗിന് യാതൊരു മങ്ങലേറ്റിട്ടില്ലെന്ന് രാഹുല്‍ തെളിയിക്കുന്നു. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ രാഹുലായിരുന്നു ഇന്ത്യന്‍ ടീമിന്റെ നായകന്‍. ഒരു വര്‍ഷത്തിന് ശേഷം ശ്രേയസ് അയ്യരുടെ സെഞ്ചുറി, മൊഹാലിയില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയയുമായി വിജയം തുടങ്ങി ഒട്ടനേകം കാര്യങ്ങള്‍ രാഹുല്‍ നായകനായ ഈ രണ്ട് മത്സരങ്ങളില്‍ സംഭവിച്ചു കഴിഞ്ഞു.
ചരിത്രം കണക്കിലെടുക്കുമ്പോള്‍ കെ എല്‍ രാഹുല്‍ നായകനാകുമ്പോള്‍ ഇന്ത്യന്‍ ടീമിലെ താരങ്ങളോ ടീമുകളോ നേട്ടങ്ങളിലെത്തുന്നത് പതിവാണ്. 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോലി ഏകദിനത്തില്‍ സെഞ്ചുറി നേടിയപ്പോഴും ടെസ്റ്റില്‍ 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെതേശ്വര്‍ പുജാര സെഞ്ചുറി നേടിയപ്പോഴും രാഹുല്‍ തന്നെയായിരുന്നു ഇന്ത്യന്‍ നായകന്‍. ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിയപ്പോഴും നായകന്‍ രാഹുലായിരുന്നു.
ഈ പരമ്പരയില്‍ തന്നെ രാഹുലിന്റെ നായകത്വത്തിലായിരുന്നു മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ പേസര്‍ ഒരു ഏകദിനമത്സരത്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്നത്. ഏകദിനത്തില്‍ ഓസീസിനെതിരെ അശ്വിന്‍ ആദ്യമായി 3 വിക്കറ്റ് സ്വന്തമാക്കുന്നതും ഈ സീരീസില്‍ കാണാനായി. ഇത് കൂടാതെ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഈ പരമ്പരയില്‍ പിറന്നു. എല്ലാം സംഭവിച്ചത് രാഹുലിന്റെ നായകത്വത്തിന് കീഴില്‍.