ക്രിക്കറ്റിലെ 'ബൂം ബൂം' അവസാനിച്ചു; ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി

തിങ്കള്‍, 20 ഫെബ്രുവരി 2017 (09:37 IST)
പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ്, എകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച അഫ്രീദി ഇപ്പോള്‍ ട്വന്റി-20 യോടും വിടപറഞ്ഞാണ് നീണ്ട 21 വര്‍ഷത്തെ തന്റെ ക്രിക്കറ്റ് കരിയറിന് തിരശ്ശീലയിടുന്നത്.
 
2010ലാണ് 36 കാരനായ അഫ്രീദി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. 2015 ലോകകപ്പോടെ അദ്ദേഹം ഏകദിന ക്രിക്കറ്റും ഉപേക്ഷിച്ചു. പിന്നീട് പാക് ട്വന്റി-20 ടീമില്‍ തുടര്‍ന്നുവരികയായിരുന്നു. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോക ട്വന്റി ചാമ്പ്യന്‍ഷിപ്പില്‍ അഫ്രീദിയായിരുന്നു പാകിസ്ഥാനെ നയിച്ചത്.
 
തന്റെ ആരാധകര്‍ക്കായി പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ അടുത്ത രണ്ടു വര്‍ഷം തുടരുമെന്നും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണെന്നും അഫ്രീദി അറിയിച്ചു. വെടിക്കെട്ട് ബാറ്റിംഗില്‍ പേരുകേട്ട അഫ്രീദി 'ബൂം ബൂം' എന്ന പേരിലാണ് അറിയപ്പെടുന്നത്. 1996ല്‍ ശ്രീലങ്കക്കെതിരെ 36 പന്തില്‍ നിന്ന് നേടിയ സെഞ്ച്വുറിയാണ് അഫ്രീദിയെ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചത്.
 

വെബ്ദുനിയ വായിക്കുക