Kohli GOAT: ക്രിക്കറ്റിൻ്റെ രാജാവ് തിരിച്ചുവന്നിരിക്കുന്നു: കോലിയുടെ മടങ്ങിവരവ് ആഘോഷിച്ച് പാക് താരങ്ങളും

വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (17:47 IST)
മൈതാനത്ത് ശത്രുക്കളാണെങ്കിലും കളിക്കളത്തിന് പുറത്ത് പരസ്പര ബഹുമാനം വെച്ചുപുലർത്തുന്നവരാണ് ഇന്ത്യാ-പാക് താരങ്ങൾ. മുൻകാലങ്ങളിലെ പോലെ മത്സരങ്ങൾക്ക് മുൻപുള്ള വെല്ലുവിളികളും മൈതാനത്തിൽ അടിയുടെ വക്കോളം പോകുന്ന ആവേശകാഴ്ചകളുമല്ല ഇന്ത്യ-പാക് പോരാട്ടങ്ങളിൽ ഇപ്പോൾ കാണനാവുന്നത്.
 
മൈതാനത്ത് പരസ്പരം സൗഹൃദം പങ്കുവെയ്ക്കുന്ന താരങ്ങളുടെ ദൃശ്യങ്ങൾ ഇന്ത്യ-പാക് പോരാട്ടങ്ങളിൽ ഇപ്പോൾ പതിവ് കാഴ്ചയാണ്. പരിക്കേറ്റ ഷഹീൻ അഫ്രീദിയെ ഇന്ത്യൻ താരങ്ങൾ സന്ദർശിക്കുന്നതിനും കോലിയുടെ തിരിച്ചുവരവിനായി താൻ പ്രാർഥിക്കുന്നുണ്ടെന്ന ഷഹീൻ്റെ പരാമർശം ഏറെ സന്തോഷത്തോടെയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്.
 
ഇപ്പോഴിതാ അഫ്ഗാനെതിരായ മത്സരത്തിലെ കോലിയുടെ തിരിച്ചുവരവിനെയും ഏറ്റെടുത്തിരിക്കുകയാണ് പാക് താരങ്ങൾ. നിലവിലെ പാക് ടീമിൽ അംഗങ്ങളായ ഹസൻ അലി,ഇമാദ് വസീം തുടങ്ങിയ താരങ്ങളും കമ്രാൻ അക്മൽ, മുഹമ്മദ് ആമിർ തുടങ്ങിയ മുൻ പാക് താരങ്ങളും കോലിയെ അഭിനന്ദിച്ച് രംഗത്തെത്തി.
 
ക്ലാസ് എന്നത് സ്ഥിരവും ഫോം താത്കാലികവുമാണ് എന്നാണ് അക്മലിൻ്റെ ട്വീറ്റ്. അങ്ങനെ അവസാനം കാത്തിരിപ്പിന് അറുതിയായി എന്നാണ് മുഹമ്മദ് ആമിർ കുറിച്ചത്. ഏറ്റവും മഹാനായ താരം തിരിച്ചെത്തിയിരിക്കുന്നു എന്നാൺ1 ഹസൻ അലിയുടെ ട്വീറ്റ്. സമാനമായി ഈ ലോകത്തെ ഏറ്റവും മികച്ചവൻ തിരിച്ചുവന്നിരിക്കുന്നു എന്നാണ് ഇമാദ് വസിം കുറിച്ചത്.
 
രാജ്യാന്തര ക്രിക്കറ്റിൽ രണ്ടര വർഷങ്ങൾക്ക് മുകളിലായുള്ള കാത്തിരിപ്പിനൊടുവിലാണ് കോലി തൻ്റെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചത്. അഫ്ഗാനെതിരെ 61 പന്തിൽ നിന്നും 122 റൺസാണ് താരം അടിച്ചെടുത്തത്. കോലിയുടെ എഴുപത്തിയൊന്നാം സെഞ്ചുറിയും ടി20 ക്രിക്കറ്റിലെ ഇന്ത്യയ്ക്കായുള്ള ആദ്യ സെഞ്ചുറിയുമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍