ഈ ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്തായില്ലെങ്കിലാണ് അത്ഭുതം: പാക് ടീം സെലക്ഷനെതിരെ പൊട്ടിത്തെറിച്ച് ഷൊയേബ് അക്തർ

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (18:16 IST)
ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ പാക് ടീമിന്‍റെ ചീഫ് സെലക്ടറായ മുഹമ്മദ് വസീമിനെതിരെ വിമർശനവുമായി മുൻ പാക് താരം ഷൊയേബ് അക്തർ. പാക് ടീം ചീഫ് സെലക്ടർ മുഹമ്മദ് വസീം ഒരു ശരാശരിക്കാരനാണെന്നും അതുകൊണ്ട് തന്നെ തെരെഞ്ഞെടുത്ത ലോകകപ്പ് ടീമും ശരാശരി മാത്രമാണെന്നും അക്തർ പ്രതികരിച്ചു. 
 
തൻ്റെ അടുത്ത സുഹൃത്താണെങ്കിലും ടി20 ക്രിക്കറ്റിനെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തയാളാണ് പാകിസ്ഥാൻ പരിശീലകനായ സഖ്ലയിൻ മുഷ്താഖ് എന്നും അക്തർ തുറന്നടിച്ചു. ഇങ്ങനെയൊരു ലോകകപ്പ് ടീമുമായി പോയാൽ പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായില്ലെങ്കിലാണ് അത്ഭുതമെന്നും അക്തർ പറഞ്ഞു.
 
നമ്മുടെ ടീമിൽ റിസ്‌വാനുണ്ട്. ഇപ്പോഴിതാ ഇഫ്തിഖറിനെയും എടുത്തിരിക്കുന്നു. മിസ്ബയുടെ രണ്ടാം പതിപ്പാണ് ഇഫ്തിഖർ അഹമ്മദ്. നമ്മുടെ ബാറ്റിംഗിന് ആഴമില്ല. നമ്മുടെ ക്യാപ്റ്റനും ഈ ഫോര്‍മാറ്റിന് ഒട്ടും യോജിച്ച ആളല്ല. അദ്ദേഹത്തിന് എപ്പോഴും ക്ലാസിക് ഷോട്ടുകൾ കളിക്കണമെന്ന് മാത്രമെയുള്ളു. മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സെലക്റ്റർമാർ ഒന്നും ചെയ്തിട്ടില്ല.
 
ഫഖർ സമാനെ ഓപ്പണറാക്കി ബാബറിനെ ബാറ്റിങ് ഓർഡറിൽ താഴെ ഇറക്കിയാൽ ഒരുവിധം പ്രശ്നങ്ങൾ പരിഹരിക്കാം. ഫഖർ സമാൻ റിസർവ് താരമായാണ് ടീമിലുള്ളത്. ഫഖറിനെ ആദ്യ ആറോവറിൽ പ്രയോജനപ്പെടുത്തണെമെന്ന് ഒരു നൂറ് തവണയെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ബാബറിന് എല്ലായ്പോഴും ഓപ്പണറായി തന്നെ ഇറങ്ങണം. അക്തർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍