ഇന്ത്യ- പാക് ഫൈനലിന് വഴിയൊരുങ്ങുന്നു, നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി

ഞായര്‍, 6 നവം‌ബര്‍ 2022 (09:12 IST)
നെതർലൻഡ്സിനെതിരായ ഗ്രൂപ്പ് 12 മത്സരത്തിൽ ദക്ഷിനാഫ്രിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. മത്സരം വിജയിച്ച് അനായാസം സെമി സാധ്യത ഉറപ്പിക്കാനെത്തിയ ദക്ഷിണാഫ്രിക്കയെ 13 റൺസിനാണ് നെതർലൻഡ്സ് പരാജയപ്പെടുത്തിയത്. പരാജയത്തോടെ ദക്ഷിണാഫ്രിക്ക സെമി പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ചു. ഇന്ന് നടക്കുന്ന പാക്- ബംഗ്ലാദേശ് മത്സരത്തിലെ വിജയികളാകും ഗ്രൂപ്പ് 2ൽ നിന്നും സെമിയിലേക്ക് കടക്കുക.
 
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക് ബൗളിങ് തിരെഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ മൈബർഗ്, മാക്സ് ഒദാവുദ് എന്നിവരും പിന്നീടെത്തിയ ടോം കൂപ്പറും കോളിൻ അക്കർമാനും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വീറുറ്റ ദക്ഷിണാഫ്രിക്കൻ പേസ് നിരയ്ക്കെതിരെ 158 റൺസിൻ്റെ വിജയലക്ഷ്യമാണ് നെതർലൻഡ്സ് കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് 2 വിക്കറ്റ് വീഴ്ത്തി.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തുന്നതിൽ നെതർലൻഡ്സ് ബൗളിങ്ങ് നിര വിജയിച്ചപ്പോൾ കാര്യമായ റൺസ് കണ്ടെത്താൻ ബാറ്റർമാർക്ക് സാധിച്ചില്ല. 25 റൺസ് നേടിയ റിലി റൂസ്സോയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. നെതർലൻഡ്സിനായി ബ്രാൻഡൻ ഗോവർ 3ഉം ഫ്രെഡ് ക്ലാസൻ,ബാസ് ഡെ ലീ എന്നിവർ 2ഉം വിക്കറ്റ് വീഴ്ഠി.
 
3 ഓവറിൽ വെറും 16 റൺസ് വിട്ടുകൊടുക്കുകയും നിർണായകമായ 41 റൺസ് നേടുകയും ചെയ്ത നെതർലൻഡ്സ് ഓൾറൗണ്ടർ കോളിൻ അക്കർമാനാണ് മത്സരത്തിലെ താരം. ഇന്ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യയും പാകിസ്ഥാനുമാകും ഗ്രൂപ്പ് 2ൽ നിന്നും യോഗ്യത നേടുക. സെമി ഫൈനലിൽ ഇരുടീമുകൾക്കും വിജയിക്കാനായാൽ ഇന്ത്യ- പാക് സ്വപ്ന ഫൈനലിനാകും ഓസ്ട്രേലിയ സാക്ഷ്യം വഹിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍