Pakistan vs Newzealand:ചാരമാണെന്ന് കരുതി ചികഞ്ഞതാകും കിവികളുടെ ചിറക് തന്നെ കരിഞ്ഞുപോയി, സെഞ്ചുറിയുമായി നവാസിന്റെ താണ്ടവം, മൂന്നാം ടി20യില്‍ പാക് വിജയം

അഭിറാം മനോഹർ

വെള്ളി, 21 മാര്‍ച്ച് 2025 (15:01 IST)
ന്യൂസിലന്‍ഡിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പാകിസ്ഥാന് മിന്നുന്ന വിജയം. ചാമ്പ്യന്‍സ് ട്രോഫിയില്‍ നാണം കെട്ടതോടെ പ്രമുഖ താരങ്ങളായ മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം എന്നിവരെ ഒഴിവാക്കിയാണ് ന്യൂസിലന്‍ഡിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ 2 മത്സരങ്ങളിലും പരാജയപ്പെട്ടതോടെ വലിയ ട്രോളുകള്‍ ഏറ്റുവാങ്ങിയതിന് ശേഷമാണ് മൂന്നാം മത്സരത്തില്‍ തിരിച്ചുവന്ന് പാകിസ്ഥാന്‍ വിമര്‍ശകരുടെ വായടപ്പിച്ചത്.
 
 ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്ത പാകിസ്ഥാനെതിരെ മാര്‍ക്ക് ചാപ്മാന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ 19.5 ഓവറില്‍ 204 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചെടുത്തത്. 44 പന്തില്‍ 4 സിക്‌സിന്റെയും 11 ബൗണ്ടറികളുടെയും അകമ്പടിയില്‍ 94 റണ്‍സെടുത്ത മാര്‍ക് ചാപ്മാന്റെയും 18 പന്തില്‍ 31 റണ്‍സുമായി തകര്‍ത്തടിച്ച നായകന്‍ ബ്രെയ്‌സ്വെല്ലിന്റെയും മികവില്‍ 200 കടന്നപ്പോള്‍ പതിവ് പോലെ പാക് പരാജയമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.
 
 എന്നാല്‍ മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ അക്രമിക്കാനായി തന്നെ ഇറങ്ങിയ പാക് ഓപ്പണര്‍മാര്‍ക്ക് മുന്നില്‍ ന്യൂസിലന്‍ഡിന്റെ ചുവട് തെറ്റി. 20 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 41 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസിനെ നഷ്ടമായിട്ടും  16 ഓവറില്‍ തന്നെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്താന്‍ പാകിസ്ഥാനായി. 45 പന്തില്‍ 7 സിക്‌സിന്റെയും 19 ബൗണ്ടറികളുടെയും സഹായത്താല്‍ 105 റണ്‍സുമായി തകര്‍ത്തടിച്ച ഹസന്‍ നവാസാണ് പാകിസ്ഥാന്റെ വിജയശില്പി. നായകന്‍ സല്‍മാന്‍ ആഘ 31 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു.
 
 പാകിസ്ഥാനായി ഹാരിസ് റൗഫ് 3 വിക്കറ്റും അബ്ബാസ് അഫ്രീദി, ഷഹീന്‍ അദ്രീദി, അബ്‌റാര്‍ അഹമ്മദ് എന്നിവര്‍ 2 വിക്കറ്റും ഷദാബ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ ജേക്കബ് ഡഫിക്കാണ് ഒരു വിക്കറ്റ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍