"യുവി ഇറങ്ങാൻ വരട്ടെ, അടുത്തത് ഞാൻ തന്നെ ഇറങ്ങാം" ധോണിയുടേത് അസാധാരണ ധൈര്യം വെളിപ്പെടുത്തി പാഡി ആപ്‌‌റ്റൺ

ശനി, 3 ഏപ്രില്‍ 2021 (16:11 IST)
2011 ലോകകപ്പ് ഫൈനലിൽ യുവ്‌രാജ് സിംഗിന് മുൻപ് ബാറ്റിങ്ങിനിറങ്ങാമെന്ന തീരുമാനമെടുത്തത് എംഎസ് ധോണി തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തി. അന്നത്തെ ടീമിന്റെ കണ്ടീഷനിങ് കോച്ചായിരുന്ന പാഡി അപ്റ്റണ്‍. ടൂർണമെന്റിൽ മറ്റ് മത്സരങ്ങളിലൊന്നും തന്നെ കാര്യമായി യാതൊന്നും ചെയ്യാൻ സാധിക്കാതിരുന്ന ധോണി മികച്ച ഫോമിലുള്ള യുവിയെ ഇറക്കാതെ സ്വയം പ്രമോട്ട് ചെയ്ത തീരുമാനം അസാധാരണമായ ധൈര്യമുള്ള ഒന്നായിരുന്നുവെന്നും ആപ്‌റ്റൺ പറയുന്നു.
 
ഫൈനലിൽ ശ്രീലങ്കയ്ക്കെതിരേ യുവിക്കും മുമ്പ് ബാറ്റ് ചെയ്യാമെന്ന് തീരുമാനിച്ചത് ധോണിയാണ്. രണ്ടാമതൊന്ന് ആലോചിക്കാൻ പോലും നിൽക്കാതെ കോച്ചായിരുന്ന ഗാരി കേസ്റ്റൺ ഇതിന് സമ്മതം മൂളി. മഹത്തായ ഒരു തീരുമാനമായിരുന്നു അത്.യുവി മികച്ച ഫോമിലായിരുന്നു. മറ്റു മല്‍സരങ്ങളിലെല്ലാം യുവിയായിരുന്നു അഞ്ചാം നമ്പറില്‍ കളിച്ചത്. എന്നാല്‍ ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ ധോണി സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് മുന്നില്‍ ഇറങ്ങുകയായിരുന്നു.
 
ടീമിന് എപ്പോളാണ് തന്നെ ആവശ്യമെന്ന് അറിയുന്ന അസാധാരണമായ ക്യാ‌പ്‌റ്റനായിരുന്നു ധോണി. അതിനാലാണ് മറ്റ് മത്സരങ്ങളിൽ കാര്യമായി സ്കോർ ചെയ്യാൻ കഴിയാതിരുന്നും അദ്ദേഹം രണ്ടും കൽപിച്ച് മുന്നോട്ട് വന്നതും ടീമിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്തതും. മഹാന്മാരായ നേതാക്കൾ അങ്ങനെയാണ് അവർ ടീമിനു വേണ്ടി വളരെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളും. ഈ തീരുമാനങ്ങള്‍ ശരിയാവുകയും ചെയ്യും. ആപ്‌റ്റൺ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍