ട്രോൾ താരമല്ല, പേസർ അശോക് ദിൻഡ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400ലേറെ വിക്കറ്റുകൾ വീഴ്‌ത്തിയ താരം

ബുധന്‍, 3 ഫെബ്രുവരി 2021 (20:17 IST)
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ബംഗാൾ പേസർ അശോക് ദിന്‍ഡ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400ലേറെ വിക്കറ്റുകളുള്ള താരം ഇന്ത്യയെ പ്രതിനിധീകരിച്ച് 13 ഏകദിനങ്ങളിലും 9 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
 
അതേസമയം ഐപിഎൽ മത്സരങ്ങളിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ ദിൻഡയ്ക്ക് ആയിരുന്നില്ല. മത്സരങ്ങളിൽ തുടരെ കനത്ത പ്രഹരം ഏറ്റുവാങ്ങിയ ദിൻഡ പലപ്പോഴും പരിഹാസങ്ങൾക്കും ട്രോളുകൾക്കും പാത്രമായി. രഞ്ജി ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള താരം ഒരു പക്ഷേ ടെസ്റ്റുകളിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ചേനെ.
 
ബംഗാളിന് വേണ്ടി 2010 മുതൽ 2020 വരെ പത്ത് വർഷങ്ങളിൽ 9 തവണയും ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയത് ദിൻഡയായിരുന്നു എന്ന കണക്കുകൾ മാത്രം മതിയാകും അയാളുടെ കഴിവിനെ അടയാളപ്പെടുത്താൻ. 130 കോടി ജനങ്ങൾക്കിടയിൽ നിന്നിം 11 പേരിലൊരാളായി മാറാൻ അയാൾക്ക് മാറാൻ കഴിഞ്ഞുവെങ്കിൽ ഒരു ട്രോൾ മെറ്റീരിയലായി അടയാളപ്പെടുത്തേണ്ട താരമല്ല അയാളെന്ന പ്രഖ്യാപനമാണത്.
 
116 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 28 ശരാശരിയില്‍ 420 വിക്കറ്റുകൾ ദിൻഡ സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 92 മത്സരങ്ങളില്‍ 151 വിക്കറ്റുകളും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍