ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ പെരിലുള്ള ഏറ്റവും ഉയർന്ന് വ്യക്തിഗത സ്കോറെന്ന നേട്ടം മറികടക്കാൻ മൂന്ന് താരങ്ങൾക്ക് സാധിക്കുമെന്ന് വിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ. നാലാം നമ്പറിൽ ഇറങ്ങുന്ന സ്റ്റീവ് സ്മിത്തിനെ പോലെയൊരു താരത്തിന് 400 റൺസെന്ന തന്റെ നേട്ടം മറികടക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും ലാറ പറയുന്നു.
ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും ഓസീസിന്റെ ഡേവിഡ് വാർണറുമാണ് നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസെന്ന തന്റെ നേട്ടം മറികടക്കാൻ സാധ്യതയുള്ളവരെന്ന് ലാറ പറയുന്നു. വാർണറെ പോലെ ആക്രമിച്ച് കളിക്കുന്ന ഒരു താരത്തിന് ഇതിനുള്ള സാധ്യത കൂടുതലാണ്. ക്രീസിലെത്തുമ്പോൾ തന്നെ സെറ്റാകാനും ആക്രമിച്ചു കളിക്കാനും കഴിയുന്നതാണ് കോലി നേട്ടം മറികടക്കാനുള്ള സാധ്യത കൂട്ടുന്നത്. ആക്രമിച്ചു കളിക്കാൻ കഴിയുന്ന താരമാണ് കോലിയെന്നും എന്നാൽ തന്റേതായ ദിവസത്തിൽ രോഹിത് ശർമ്മക്കും ഈ നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നും ലാറ പറയുന്നു. 2004ൽ ഇംഗ്ലണ്ടിനെതിരെയാണ് ലാറ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറായ 400 റൺസ് കുറിച്ചത്.
ഈ വർഷം നടക്കുന്ന ടി20 ലോകകപ്പ് നേടാൻ ഇന്ത്യക്ക് സാധിക്കുമെന്നും ലാറ പറയുന്നു. ഐസിസി ടൂർണമെന്റുകളിൽ മറ്റെല്ലാ ടീമുകളും ഇന്ത്യയെ ലക്ഷ്യമിടുന്നത് തന്നെ ഇന്ത്യയുടെ മികവിന്റെ അടയാളമാണ്. ഇന്ത്യ സെമിയിലോ ഫൈനലിലോ വീഴുമെന്ന് മറ്റ് ടീമുകൾ കണക്കുക്കൂട്ടുന്നു. എന്നാൽ ഇത്തവണ അതിന് മാറ്റം വരുത്താൻ ഇന്ത്യക്കാവുമെന്നും ലാറ പറഞ്ഞു.