ഒരേയൊരു രാജാവ്!!വമ്പൻ നേട്ടത്തിനരികെ കോലി

അഭിറാം മനോഹർ

ബുധന്‍, 11 ഡിസം‌ബര്‍ 2019 (15:29 IST)
വിൻഡീസിനെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യൻ ടീം ഇന്ന് മുംബൈയിൽ മത്സരിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ വെറും ആറ് റൺസ് കൂടി സ്വന്തമാക്കിയാൽ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ സ്വന്തം മണ്ണിൽ 1000 റൺസ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ്  ഇന്ത്യൻ നായകനെ കാത്തിരിക്കുന്നത്. 1430 റൺസുകളുമായി ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലും 1000 റൺസ് നേട്ടവുമായി കോളിൻ മൺറോയുമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങൾ. 
 
ഇന്ത്യാ വിൻഡീസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ മറ്റൊരു നേട്ടവും ഇതിനിടയിൽ കോലി സ്വന്തം പേരിൽ ചേർത്തിരുന്നു. തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20 മത്സരത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയെ ഒരു റൺസിന് മറികടന്ന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഉയർന്ന റൺവേട്ടക്കാരനെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. കോലിക്ക് 2563 റൺസും രോഹിത്തിന് 2562 റൺസുമാണൂള്ളത്. 
 
പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയുമായ മത്സരം ഇന്ന് മുംബൈയിലാണ് നടക്കുക. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. മലയാളി താരം സഞ്ചു സാംസൺ പരിശീലനത്തിന് ഇറങ്ങിയിരുന്നെങ്കിലും ഇന്ന് കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. വാംഖഡെയിലെ പേസിനെ തൂണക്കുന്ന പിച്ചിൽ സ്പിന്നർ രവീന്ദ്ര ജഡേജക്ക് പകരം മുഹമ്മദ് ഷമിയെ കളിപ്പിച്ചേക്കാൻ സാധ്യതയുണ്ട്. എന്നാൽ കാര്യവട്ടത്ത് തിളങ്ങിയ ശിവംദുബെയുടെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍