കലാശപ്പോരിന് മുംബൈ ഒരുങ്ങി, ഈ മൂന്ന് താരങ്ങൾ ഇന്ത്യക്ക് തലവേദന

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (13:56 IST)
ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള കലാശപ്പോരിന് മുംബൈ ഒരുങ്ങി. ബുധനാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മൂന്നാമത്തെയും അവസാനത്തേതുമായ ടി20 മത്സരം. ഇരുടീമും ഓരോ വിജയങ്ങളുമായി ഒപ്പം നിൽക്കുന്നതിനാൽ മുംബൈയിൽ നടക്കുന്ന അവസാനപ്പോരാട്ടത്തിൽ തീ പാറുമെന്ന കാര്യത്തിൽ സംശയമില്ല.
 
മത്സരം മുംബൈയിലാണെങ്കിലും മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ ബാറ്റിങ് ലൈനപ്പിൽ മാറ്റം വരുത്താൻ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല എന്നാണ് സൂചന.
 
മോശം ഫീൽഡിങ്ങും ബൗളിങ് നിലവാരവും ഇന്ത്യയെ അലട്ടുന്നുണ്ടെങ്കിലും പ്രധാനമായും മൂന്ന് വിൻഡീസ് താരങ്ങളെയാണ് ഇന്ത്യ ഭയപ്പെടുന്നത്. ഇവർ മൂന്ന് പേരും ഐ പി എല്ലിൽ മുംബൈക്കായി കളിച്ചിട്ടുള്ളവർ ആയതിനാൽ തന്നെ ഈ താരങ്ങൾക്ക് ഹോം ഗ്രൗണ്ട് കൂടിയാണ് സ്റ്റേഡിയം. വിന്‍ഡീസ് താരങ്ങളായ കിരോണ്‍ പൊള്ളാര്‍ഡ്, എവിന്‍ ലൂയിസ്, സിമ്മണ്‍സ് എന്നീ മുംബൈ ഇന്ത്യൻ താരങ്ങളെയാണ് അടുത്ത മത്സരത്തിൽ ഇന്ത്യ ഏറ്റവും ഭയപ്പെടുന്നത്. ഇവരിൽ ലൂയിസ് ഇന്ത്യയുടെ പേടി സ്വപ്നമാണ്. 
 
ഇന്ത്യക്കെതിരെ കളിച്ച ടി20 മത്സരങ്ങളിൽ മികച്ച റെക്കോഡാണ് ലൂയിസിനുള്ളത്.  ഇന്ത്യക്കെതിരെ കളിച്ച 8 മത്സരങ്ങളിൽ 322 റൺസാണ് താരം അടിച്ചെടുത്തത്. ഇതിൽ രണ്ട് സെഞ്ചുറി പ്രകടനങ്ങളും ഉൾപ്പെടുന്നു കൂടാതെ ലൂയിസിന്റെ മികച്ച ആറ് ഇന്നിങ്സുകളിൽ മൂന്നെണ്ണവും മുംബൈയിലായിരുന്നു.
 
മുംബൈ ഇന്ത്യൻ താരം കൂടിയായ വിൻഡീസ് നായകൻ പോള്ളാർഡാണ് ഇന്ത്യയെ ഭയപ്പെടുത്തുന്ന മറ്റൊരു താരം. 10 വർഷങ്ങളായി ഐ പി എല്ലിൽ മുംബൈക്ക് വേണ്ടി കളിക്കുന്ന പൊള്ളാർഡിന് ഗ്രൗണ്ട് സുപരിചിതമാണ്. തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യിൽ അപരാജിത ഫിഫ്റ്റിയുമായി വിൻഡീസ് വിജയത്തിന് ചുക്കാൻ പിടിച്ച ഓപ്പണിങ് താരം സിമ്മൺസിന്റെയും ഇഷ്ടഗ്രൗണ്ടാണ് വാംഖഡെ. 
 
2016ലെ ടി20 ലോകകപ്പ് സെമി ഫൈനലിൽ വാംഖഡെയിൽ ഇന്ത്യയുടെ കഥ കഴിച്ചത് സിമ്മൺസായിരുന്നു. അന്ന് പുറത്താകാതെ 82 റൺസാണ് താരം നേടിയത് .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍