തൊപ്പി തെറിച്ചത് ഇഷാന്റെയും ശ്രേയസിന്റെയും മാത്രമല്ല, കരാറില്‍ നിന്നും പുറത്തായവരില്‍ ചഹലും പുജാരയും

അഭിറാം മനോഹർ

വ്യാഴം, 29 ഫെബ്രുവരി 2024 (17:04 IST)
കഴിഞ്ഞ ദിവസമാണ് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പുറത്തുവന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇഷാന്‍ കിഷന്‍,ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ തങ്ങളുടെ കരാറില്‍ നിന്നും ഒഴിവാക്കിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എനാല്‍ ഇഷാന്‍ കിഷന്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ പ്രധാനഭാഗമായിരുന്ന മറ്റ് ചില കളിക്കാര്‍ കൂടി കരാറില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്.
 
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെക്കാലമായി ഇന്ത്യയുടെ വിശ്വസ്ത ബാറ്റര്‍മാരായിരുന്ന ചേതേശ്വര്‍ പുജാര,അജിങ്ക്യ രഹാനെ എന്നിവരാണ് കരാര്‍ നഷ്ടപ്പെട്ടവരില്‍ പ്രധാനികള്‍. പേസര്‍ ഉമേഷ് യാദവ്,സീനിയര്‍ താരമായ ശിഖര്‍ ധവാന്‍,സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ എന്നിവരുടെയും കരാറുകള്‍ നഷ്ടമായി. ഇതോടെ ഈ താരങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഈ താരങ്ങളില്‍ ചഹലിന് മാത്രമാണ് ടീമില്‍ തിരിച്ചെത്താന്‍ നേരിയ സാധ്യതയുള്ളത്.
 
പുജാര,രഹാനെ എന്നിവരെ ടെസ്റ്റിലേക്ക് പരിഗണിക്കില്ലെന്ന് നേരത്തെ തന്നെ ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. നിശബ്ദമായാണ് ധവാനും കരിയര്‍ എന്‍ഡ് സംഭവിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും ഉമേഷ് യാദവും നിലവില്‍ ഇന്ത്യന്‍ സെലക്ടര്‍മാറുടെ റഡാറിന് കീഴിലില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍