ആഭ്യന്തര ലീഗില്‍ കളിക്കാതെ മുങ്ങി, ഇഷാന്റെയും ശ്രേയസിന്റെയും കരാറുകള്‍ റദ്ദാക്കിയേക്കും

അഭിറാം മനോഹർ

വെള്ളി, 23 ഫെബ്രുവരി 2024 (19:09 IST)
ബിസിസിഐ നിര്‍ദേശങ്ങള്‍ അവഗണിച്ച് രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കാതിരുന്ന ഇഷാന്‍ കിഷന്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബിസിസിഐയുമായി കരാറിലുള്ള ഇരുതാരങ്ങളുടെയും കരാര്‍ ബിസിസിഐ ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
2023-24 കാലയളവില്‍ കരാര്‍ നല്‍കേണ്ട താരങ്ങളുടെ ലിസ്റ്റ് ടീം സെലക്ടറായ അജിത് അഗാര്‍ക്കര്‍ തയ്യാറാക്കിയതായാണ് വിവരം. ഈ പട്ടികയില്‍ നിന്നും കിഷന്‍,ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കുമെന്നാണ് അറിയുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് കിഷന്‍ ഇന്ത്യന്‍ ടീമില്‍ നിന്നും വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ച് മാറിനിന്നത്. തിരികെ ടീമിലെത്താന്‍ രഞ്ജിയില്‍ കളിക്കാന്‍ ഇഷാനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ് താരം.
 
സമാനമായി ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പരിക്ക് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു ശ്രേയസ് അയ്യര്‍ ടീമില്‍ നിന്നും മാറിനിന്നത്. പരിക്ക് ചൂണ്ടികാണിച്ച് രഞ്ജി മത്സരങ്ങളിലും ശ്രേയസ് കളിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന എന്‍സിഎയുടെ മെഡിക്കല്‍ ചെക്കപ്പില്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കുകള്‍ ഒന്നുമില്ലെന്ന് വ്യക്തമായിരുന്നു. നിലവില്‍ ഏകദിന ടീമില്‍ ഇന്ത്യയുടെ പ്രധാനതാരങ്ങളില്‍ ഒരാളാണ് ശ്രേയസ് അയ്യര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍