Ishan Kishan: മടങ്ങിവരവില്‍ നിരാശപ്പെടുത്തി ഇഷാന്‍, മാക്‌സ്വെല്ലിന്റെ പന്തില്‍ പുറത്ത്

അഭിറാം മനോഹർ

ബുധന്‍, 28 ഫെബ്രുവരി 2024 (15:42 IST)
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ഇന്ത്യന്‍ സംഘത്തില്‍ നിന്നും മടങ്ങി മൂന്ന് മാസങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന് നിരാശ. മുംബൈയില്‍ നടക്കുന്ന കോര്‍പറേറ്റ് ടൂര്‍ണമെന്റായ ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റിലൂടെയാണ് താരം തിരികെ മത്സരക്രിക്കറ്റിലേക്കെത്തിയത്. എന്നാല്‍ റൂട്ട് മൊബൈല്‍ ലിമിറ്റഡിനെതിരെ നടന്ന മത്സരത്തില്‍ റിസര്‍ബ് ബാങ്ക് ടീമിനായി ഓപ്പണറായി ഇറങ്ങിയ ഇഷന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ റിസര്‍വ് ബാങ്ക് കൂറ്റന്‍ തോല്‍വി വഴങ്ങുകയും ചെയ്തു.
 
ആദ്യം ബാറ്റ് ചെയ്ത റൂട്ട് മൊബൈല്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ റിസര്‍വ് ബാങ്ക് ടീം 16.3 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ടായി. റിസര്‍വ് ബാങ്കിനായി ഓപ്പണ്‍ ചെയ്ത കിഷന്‍ 12 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി.മാക്‌സ്വെല്‍ സ്വാമിനാഥന്റെ പന്തില്‍ സച്ചിന്‍ ബോസ്ലെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ മടങ്ങിയത്. ഡിസംബറില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിക്കറ്റ് കീപ്പറായിരുന്ന ഇഷാന്‍ കിഷന്‍ പരമ്പരയ്ക്കിടെ വിശ്രമം ആവശ്യപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയതിന് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫോം തെളിയിച്ച് ടീമില്‍ മടങ്ങിയെത്താന്‍ ഇഷാനോട് കോച്ച് രാഹുല്‍ ദ്രാവിഡ് അടക്കമുള്ളവര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് അനുസരിക്കാന്‍ ഇഷന്‍ തയ്യാറായിരുന്നില്ല. ഈ കാലയളവില്‍ മുംബൈയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം ഐപിഎല്ലിനായുള്ള പരിശീലനത്തിലായിരുന്നു താരം.
 
ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കോ അഫ്ഗാനെതിരായ ടി20 പരമ്പരയിലേക്കോ ഇഷാനെ ബിസിസിഐ പരിഗണിച്ചില്ല. കെ എല്‍ രാഹുലിന് പരിക്കേറ്റിട്ടും യുവതാരമായ ധ്രുവ് ജുറലിനാണ് ബിസിസിഐ അവസരം നല്‍കിയത്.ഈ സാഹചര്യത്തില്‍ ഐപിഎല്ലിനേക്കാള്‍ കളിക്കാര്‍ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് തിരിച്ചുവരവില്‍ ഇഷാന്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍