ഇന്ത്യ ഓറഞ്ചിലും പാകിസ്ഥാൻ പച്ചയിലും കളിക്കട്ടെ, 2023ലെ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി മുഴുവൻ ഓറഞ്ചാക്കാൻ ശ്രമം, എതിർത്തത് രോഹിത് ശർമ

അഭിറാം മനോഹർ
വെള്ളി, 17 മെയ് 2024 (13:33 IST)
Rohit sharma, Orange jersy
2023ല്‍ ഇന്ത്യ ആതിഥ്യം വഹിച്ച ലോകകപ്പിനിടെ ഇന്ത്യന്‍ ജേഴ്‌സി പൂര്‍ണ്ണമായും ഓറഞ്ചിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരായ മത്സരത്തിലാണ് പൂര്‍ണ്ണമായും ഓറഞ്ചിലുള്ള കിറ്റ് ബിസിസിഐ ടീമിനായി എത്തിച്ചത്. എന്നാല്‍ ടീമംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് വിസ്ഡന്‍ മാസികയില്‍ വന്ന ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. 2023ലെ ലോകകപ്പില്‍ ടീമിന്റെ പ്രാക്ടീസ് ജേഴ്‌സി നീലയില്‍ നിന്നും ഓറഞ്ചാക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ടീമിനെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് അന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇന്ത്യയുടെ പ്രാക്ടീസ് ജേഴ്‌സിയായി ഓറഞ്ചിനെ അംഗീകരിച്ചിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഓറഞ്ച് ഇടചേര്‍ന്ന ജേഴിയാണ് ഇന്ത്യ ധരിക്കുന്നത്.
 
ഇപ്പോഴിതാ 2023ലെ ടി20 ലോകകപ്പില്‍ പൂര്‍ണ്ണമായും ഓറഞ്ചിലുള്ള ജേഴ്‌സി ഇന്ത്യയ്ക്ക് വേണ്ടി ബിസിസിഐ തയ്യാറാക്കിയിരുന്നെന്ന വിവരമാണ് വിസ്ഡണ്‍ പുറത്തുവിട്ടിരിക്കുന്നത്. ജേഴ്‌സി ടീമിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ഇത് ഹോളണ്ടിന്റെ ജേഴ്‌സി പോലെ തോന്നിക്കുന്നുവെന്ന അഭിപ്രായമാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും ആദ്യം വന്നത്. ജേഴ്‌സി ടീമിലെ ചില താരങ്ങളുടെ വികാരത്തെ വേദനിപ്പിക്കുന്നതാണെന്ന് അഭിപ്രായവും ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും ഉയര്‍ന്നു.
 
 ഇസ്ലാമിക് രാജ്യമായ പാകിസ്ഥാന്‍ പച്ച ജേഴ്‌സിയില്‍ കളിക്കുമ്പോള്‍ ഇന്ത്യ പൂര്‍ണ്ണമായും ഓറഞ്ച് നിറത്തിലുള്ള ജേഴ്‌സിയില്‍ കളിക്കണമെന്നാണ് ബിസിസിഐ താത്പര്യപ്പെട്ടിരുന്നത്. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമിയടക്കമുള്ള താരങ്ങളുള്ളപ്പോള്‍ ഈ രീതി സ്വീകരിക്കാനാവില്ലെന്ന നിലപാടാണ് ഇന്ത്യന്‍ കളിക്കാര്‍ പക്ഷേ സ്വീകരിച്ചത്. സുനില്‍ ഗവാസ്‌കര്‍, വിരേന്ദ്ര സെവാഗ് അടക്കമുള്ള താരങ്ങള്‍ ജേഴ്‌സിയിലെ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ ജേഴ്‌സി ഓറഞ്ചായി മാറുമെന്ന് അറിയാമെങ്കിലും ഞങ്ങളുള്ളപ്പോള്‍ അത് വേണ്ടെന്നും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ടീം നായകനായ രോഹിത് ശര്‍മ ബിസിസിഐ അറിയിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article