ജയിക്കുമെന്നുറപ്പിച്ച നിമിഷം രഹാനയുടെ മിന്നലാക്രമണം; തകർന്നടിഞ്ഞ് രോഹിതും ആരാധകരും

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (10:51 IST)
ഐപിഎല്ലിൽ ജയിക്കുമെന്നുറപ്പിച്ച നിമിഷമാണ് മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത്. മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കിയപ്പോൾ ഹിറ്റ് മാന്റെ ആരാധകർ അമ്പരപ്പിലായിരുന്നു.
 
വാലറ്റത്തിന്റെ പോരാട്ട മികവിലാണ് രാജസ്ഥാന്‍ ജയം സ്വന്തമാക്കിയത്. സ്‌കോര്‍ - മുംബൈ ഇന്ത്യന്‍സ്: 20 ഓവറില്‍ ഏഴ് വിക്കറ്റിന് 167. രാജസ്ഥാന്‍ 19.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ്. പോരാട്ടം തീപ്പാറിയപ്പോള്‍ പ്രശംസ മുഴുവനും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്കാണ്.
 
ഹിറ്റ് മാൻ രോഹിത് ശര്‍മ്മയെ ഗോള്‍ഡന്‍ ഡെക്കാക്കിയ റണ്ണൗട്ടിന്റെ മുഴുവന്‍ ക്രെഡിറ്റും രഹാനെയ്ക്കാണ്. രഹാനയുടെ മിന്നലാക്രമണത്തിൽ രോഹിത് പോലും അമ്പരന്നു. ഫീല്‍ഡില്‍ നിന്നും പന്തെടുത്ത് വായുവിലിരുന്ന് പന്തെറിഞ്ഞ് സ്റ്റമ്പ് തെറിപ്പിച്ച രഹാന്റെ പ്രകടനത്തെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
 
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷാനിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് 167 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി ബെന്‍‌ സ്‌റ്റോക്‍സ് (40), സഞ്ജു സാംസണ് (52) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് തിരിച്ചടിയായി.
 
മുംബൈ ജയിക്കുമെന്ന് തോന്നിച്ച നിമിഷം കൃഷ്ണപ്പ ഗൗതം നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. ജയം ഉറപ്പിച്ചുള്ള ആഘോഷങ്ങള്‍ മുംബൈ ക്യാമ്പില്‍ ആരംഭിച്ചതിന് പിന്നാലെയാണ് രഹാനയുടെ കുട്ടികള്‍ വിജയം തിരിച്ചു പിടിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article