രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റിയത് ക്രിക്കറ്റ് തീരുമാനം മാത്രം, ഇന്ത്യക്കാർ ഇത്രമാത്രം വൈകാരികരാകുന്നത് എന്തിനെന്ന് ബൗച്ചർ

അഭിറാം മനോഹർ
ചൊവ്വ, 6 ഫെബ്രുവരി 2024 (14:08 IST)
ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി മുംബൈ തങ്ങളുടെ നായകസ്ഥാനത്ത് നിന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ നീക്കി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലമായി മുംബൈ നായകനായ രോഹിത് ശര്‍മയ് മുംബൈയെ 5 ഐപിഎല്‍ കിരീടനേട്ടത്തിലേക്ക് നയിച്ച നായകനാണ്. ഇത്തരത്തിലൊരാളെ ഒരു സുപ്രഭാതത്തില്‍ നായകസ്ഥാനത്ത് നിന്നും നീക്കിയത് ആരാധകരെ ചൊടുപ്പിച്ചിരുന്നു.
 
മുംബൈ ഇന്ത്യന്‍സ് പുതിയ നായകനെ പ്രഖ്യാപിച്ചതോടെ നിരവധി ആരാധകരാണ് ടീമിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ അണ്‍ഫോളൊ ചെയ്തത്. വിവാദം കെട്ടടങ്ങിയെങ്കിലും ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍. ഹാര്‍ദ്ദിക്കിനെ നായകനാക്കാനുള്ള തീരുമാനം പൂര്‍ണ്ണമായും ക്രിക്കറ്റ് തീരുമാനമായിരുന്നുവെന്ന് ബൗച്ചര്‍ പറയുന്നു.
 
ഹാര്‍ദ്ദിക് മുംബൈയിലെക്ക് തിരിച്ചുവരുന്നത് നമ്മള്‍ കണ്ടു. ഒരു മാറ്റത്തിന്റെ സമയത്തിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് കടന്നുപോകുന്നത്. ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഇക്കാര്യം മനസിലായിട്ടില്ല. ആളുകള്‍ എല്ലാം വൈകാരികമായാണ് കാണുന്നത്. എന്നാല്‍ വൈകാരികത മാറ്റിവെച്ച് ചിന്തിക്കുകയാണ് വേണ്ടത്. നായകസ്ഥാനത്ത് നിന്നും മാറ്റിയതോടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാന്‍ രോഹിത്തിനാകും. ഓപ്പണര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താനാകും. നല്ല റണ്‍സ് നേടാന്‍ രോഹിത്തിനെ അനുവദിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. മാര്‍ക്ക് ബൗച്ചര്‍ ഒരു പോഡ്കാസ്റ്റിനിടെ പറഞ്ഞു.
 
ഹാര്‍ദ്ദിക് മുംബൈ ബോയിയാണെന്നും മുംബൈയില്‍ നിന്നും മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് പോയി ആദ്യ സീസണില്‍ തന്നെ നായകനെന്ന നിലയില്‍ കിരീടമുയര്‍ത്താന്‍ കഴിഞ്ഞത് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്റെ മികവിനെയാണ് തെളിയിക്കുന്നതെന്നും മാര്‍ക്ക് ബൗച്ചര്‍ കൂട്ടിചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article