മഴയും ഭാഗ്യനിര്‍ഭാഗ്യങ്ങളും മാറിമറിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് എതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ആവേശ ജയം. ഡല്‍ഹി ഉയര്‍ത്തിയ 153 റണ്‍ വിജയലക്ഷ്യം മുംബൈ മൂന്ന് പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഐപിഎല്‍ സീസണിലെ മോശം തുടക്കത്തിന് ശേഷം മുംബൈയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇന്നത്തെ ജയത്തോടെ പത്ത് കളികളില്‍ നിന്ന് പത്ത് പോയന്റോടെ മുംബൈ പോയന്റ് പട്ടികയില്‍ ആദ്യ നാലിലെത്തി.
യുവരാജ് സിങ്ങിന്റെ അര്‍ധസെഞ്ച്വറിയാണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്ക് മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ സഹായകമായത്. 44 പന്തില്‍ 57 റണ്‍സാണ് യുവരാജ് അടിച്ചുകൂട്ടിയത്. ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു യുവരാജിന്റെ ഇന്നിങ്‌സ്. ഡുമിനി (19 പന്തില്‍ 28), ശ്രേയസ് അയ്യര്‍ (18 പന്തില്‍ 19), കേദാര്‍ ജാദവ് (15 പന്തില്‍ 16) എന്നിവര്‍ സ്കോര്‍ബോര്‍ഡിനെ നന്നായി ചലിപ്പിക്കുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ ഡല്‍ഹിയുടെ തീയുണ്ടയേറ്റ് വീണതോടെ നാല് വിക്കറ്റിന് 40 റണ്‍സ് എന്ന പരിതാപകരമായ അവസ്ഥയിലെത്തി. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (37 പന്തില്‍ 46), അമ്പാട്ടി റായുഡു (40 പന്തില്‍ 49*), കീറണ്‍ പൊള്ളാര്‍ഡ് (14 പന്തില്‍ 26*) എന്നിവരുടെ പ്രകടനം മുംബെയെ വിജയത്തിലെത്തിക്കുകയായിരുന്നു. മുംബൈക്കായി ഹര്‍ഭജന്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. മലിംഗയ്ക്കും രണ്ട് വിക്കറ്റുണ്ട്.