തന്നെ ആക്രമിക്കാന്‍ ചിലര്‍ വാളോങ്ങി നില്‍പ്പുണ്ട്: ധോണി

Webdunia
വ്യാഴം, 15 ഒക്‌ടോബര്‍ 2015 (09:50 IST)
വിക്കറ്റിന് മുന്നിലും വിക്കറ്റിന് പിന്നിലും മഹേന്ദ്ര സിംഗ് ധോണി യഥാര്‍ഥ നായകനായപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ജയം പിടിച്ചെടുത്തു. എന്നാല്‍ ജയത്തിന് ശേഷം ധോണി തന്റെ എതിരാളികള്‍ക്ക് മറുപടി നല്‍കുക കൂടി ചെയ്‌തു.

മത്സരത്തില്‍ പിഴവു വരുത്തിയാല്‍ തന്നെ ആക്രമിക്കാന്‍ ചിലര്‍ വാളോങ്ങി നില്‍പ്പുണ്ട്. തങ്ങളുടെ പിഴവുകളില്‍ ആനന്ദിക്കാനാണു ചിലര്‍ക്കു താല്‍പ്പര്യം. ആരോടും എതിര്‍പ്പുകള്‍ ഇല്ലെന്നും ധോണി പറഞ്ഞു.

ഏറെ നാളായി ഫോം കണ്ടെത്താന്‍ വിഷമിച്ച ധോണിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യക്കു മികച്ച വിജയം സമ്മാനിച്ചത്. വിക്കറ്റിനു പിന്നിലും മികച്ച പ്രകടനമാണു ധോണി മത്സരത്തില്‍ കാഴ്ചവച്ചത്.  92 റണ്‍സുമായി പുറത്താകാതെ നിന്ന ധോണി ഇന്ത്യയുടെ ടോപ് സ്കോററായതിന് പുറമെ വിക്കറ്റിന് പിന്നില്‍ നാലു പുറത്താകലിലും പങ്കാളിയായി. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 43.4 ഓവറില്‍ 225 റണ്‍സിന് പുറത്താകുകയായിരുന്നു.