ധോണിയുടെ ഗ്രൌണ്ടിലെ ഉറക്കവും, 2019ലെ ലോകകപ്പും; തുറന്നടിച്ച് സെവാഗ് രംഗത്ത്

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (14:19 IST)
ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനവുമായി മുന്നേറുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് ശക്തമായ  പിന്തുണയുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2019 ലോകകപ്പില്‍ ധോണി ടീമില്‍ ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം ടീമില്‍ ഉള്ളപ്പോള്‍ സഹതാരങ്ങള്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം കടുത്തതായിരിക്കും. എല്ലാ കാലത്തും ഒരാള്‍ക്ക് ഒരേ ഫോമില്‍ കളിക്കാന്‍ സാധിക്കില്ലെന്നും വീരു പറഞ്ഞു.

ധോണിയുടെ അനുഭവസമ്പത്ത് ടീമിന് നല്‍കുന്ന ശക്തി ചെറുതല്ല. ഋഷഭ് പന്തിനെ പോലുള്ളവർക്ക് അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ കഴിയുമെങ്കിലും മഹി ഒഴിച്ചിട്ടു പോകുന്ന വിടവ് നികത്താൻ ആര്‍ക്കും സാധിക്കില്ല. ധോണിക്ക് പകരം വയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് ആരുമില്ലെന്നും സെവാഗ് വ്യക്തമാക്കി.

ലോകകപ്പിന് ഒരു വര്‍ഷം മുമ്പെങ്കിലും ഒരുക്കങ്ങള്‍ ആരംഭിക്കണം. നിലവിലുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി അവരെ മികച്ച കളിക്കാരാക്കി തീര്‍ക്കണം. ആറു മാസത്തിനുള്ളില്‍ സെലക്‍ടര്‍മാര്‍ ഇക്കാര്യം പൂര്‍ത്തികരിച്ചാല്‍ ടീമിന് ധൈര്യത്തോടെ ലോകകപ്പിനെ നേരിടാം.

ലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ചേര്‍ന്ന് ധോണി (67) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മത്സരം ഇന്ത്യ നേടുമെന്ന് ഉറപ്പായതോടെ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞത് മല്‍സരം തടസപ്പെടുത്തി. ഈ സമയത്ത് ഗ്രൌണ്ടില്‍ ധോണി കിടന്നുറങ്ങിയ സംഭവം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍