‘അദ്ദേഹം ബോള്‍ ചെയ്യാനെത്തുമ്പോള്‍ എന്റെ ചങ്കിടിക്കും’; ഭുവിയെ ഭയപ്പെടുത്തുന്ന ബോളര്‍ ധനഞ്ജയ അല്ല
ശനി, 26 ഓഗസ്റ്റ് 2017 (16:33 IST)
ശ്രീലങ്കന്‍ സ്‌പിന്നര്‍ അഖില ധനഞ്ജയ പേരുകേട്ട ഇന്ത്യന്‍ നിരയെ വിറപ്പിച്ചുവെങ്കിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഈ ജയത്തിന് ചുക്കാന്‍ പിടിച്ചത് ഭുവനേശ്വര്‍ കുമാര്‍ ആയിരുന്നു എന്നതാണ് രണ്ടാം ഏകദിനത്തെ വ്യത്യസ്ഥമാക്കിയത്. മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം ഭുവി പുറത്തെടുത്ത മിന്നും പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
ധനഞ്ജയയുടെ കുത്തി തിരിയുന്ന പന്തുകള്‍ക്കു മുമ്പില്‍ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങള്‍ അതിവേഗം കൂടാരം കയറിയെങ്കിലും ധോണിയുമൊത്ത് ഭുവി 100 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുക്കെട്ട് ഉണ്ടാക്കിയതോടെയാണ് കളി ഇന്ത്യന്‍ പാളയത്തിലെത്തിയത്.
മൂന്നാം ഏകദിനത്തിന് മുമ്പായി ധനഞ്ജയെ നേരിടാന്‍ ഇന്ത്യന്‍ ടീം പഠിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞുവെങ്കിലും അദ്ദേഹത്തെ ഭയമില്ലെന്ന നിലപാടിലാണ് ഭുവി. രോഹിത് ശര്‍മ്മയുമായുള്ള അഭിമുഖത്തിനിടെയാണ് ലങ്കന്‍ ടീമിലെ ഭയപ്പെടുത്തുന്ന ബോളര്‍ ആരാണെന്ന് അദ്ദേഹം പറഞ്ഞത്.
ബാറ്റ് ചെയ്യുമ്പോള്‍ ലസിത് മലിംഗയുടെ പന്തുകളെയാണ് ആശങ്കയോടെ നേരിട്ടതെന്നാണ് ഭുവി അഭിപ്രായപ്പെട്ടത്. പേസും ബോളറായ അദ്ദേഹം അപ്രതീക്ഷിതമായി സ്ലോ ബോള്‍ എറിയും, ഇത് എന്നെ ഭയപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ മത്സരത്തിനിടെ ഒരിക്കലും മലിംഗയുടെ സ്ലോ ബോളുകളെ നേരിട്ടിരുന്നില്ലെന്നും ഭുവി പറയുന്നു. ധോണി കൂടെ ഉണ്ടായിരുന്നതും അദ്ദേഹം നല്‍കിയ ഉപദേശങ്ങളുമാണ് ബാറ്റിംഗ് എളുപ്പമാക്കാന്‍ സഹായിച്ചതെന്നും ഇന്ത്യന്‍ ബോളര്‍ വ്യക്തമാക്കി.